മീഡിയവൺ സംപ്രേഷണവിലക്ക്; പിന്തുണയുമായി യുവജന സംഘടനകൾ

വാർത്താവിതരണ മന്ത്രാലയത്തിന്റെ നടപടി അടിയന്തിരാവസ്ഥയുടെ ലക്ഷണമാണെന്ന് മുസ്ലിം യൂത്ത് ലീഗ്. സംപ്രേഷണം വിലക്കിയത് ജനാധിപത്യവിരുദ്ധമെന്ന് ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും പറഞ്ഞു

Update: 2022-01-31 13:18 GMT
Advertising

മീഡിയവൺ ടി.വി സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നിലപാടിനെതിരെ പിന്തുണയുമായി യുവജന സംഘടനകൾ. സംപ്രേഷണം തടഞ്ഞ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ നടപടി അടിയന്തിരാവസ്ഥയുടെ ലക്ഷണമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: വി കെ ഫൈസൽ ബാബു പറഞ്ഞു.

സുരക്ഷാകാരണങ്ങൾ പറഞ്ഞാണ് ഒരു മാധ്യമ സ്ഥാപനത്തിന്റെ സപ്രേക്ഷണാവകാശം ഏകപക്ഷീയമായി തടയുന്നത്. ഇന്ന് മീഡിയവൺ ആണെങ്കിൽ നാളെ ആരുമാകാം. ജനാധിപത്യത്തിന്റെ എല്ലാ തൂണുകളെയും മോദി സർക്കാർ വരുതിയിലാക്കുകയാണ്. അതിന് തയാറാകാത്തവരെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ഫൈസൽ ബാബു പറഞ്ഞു. കളളങ്ങളും വർഗീയ അജണ്ടകളുമായി ഗോദി മീഡിയകളം നിറയുന്ന കാലത്ത് മീഡിയ വൺ പോലൊരു മാധ്യമ സ്ഥാപനത്തെ വേട്ടയാടുന്നത് വിരോധാഭാസമാണ്. ഈ ജനാധിപത്യ നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും  മീഡിയവണ്ണിനോട് ഐക്യദാർഡ്യപ്പെടുന്നതായും അദ്ദേഹം അറിയിച്ചു.

മീഡിയവണ്‍ സംപ്രേഷണം വിലക്കിയത് ജനാധിപത്യവിരുദ്ധമെന്ന് ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും പറഞ്ഞു. മാധ്യമസ്ഥാപനങ്ങള്‍ക്ക് എതിരായ കടന്നാക്രമണം ചെറുക്കണമെന്ന്   ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.  ചാനലിൻറെ സംപ്രേഷണം വീണ്ടും അകാരണമായി തടഞ്ഞ കേന്ദ്രസർക്കാർ നടപടി ജനാധിപത്യവിരുദ്ധവും അപലപനീയമാണെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

മതിയായ കാരണങ്ങൾ പറയാതെയാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം മീഡിയവണിന്റെ സംപ്രേക്ഷണം തടഞ്ഞത്. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുവാനും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുവാനും ഭയപ്പെടുത്തി, നിശബ്ദമാക്കുവാനുമുള്ള കേന്ദ്രസർക്കാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കുവാൻ എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് എൻ.അരുൺ സെക്രട്ടറി ടി.ടി.ജിസ്‌മോൻ എന്നിവർ ആവശ്യപ്പെട്ടു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News