മീഡിയവണ്‍ സ്‌നേഹസ്പര്‍ശം നൂറ് എപ്പിസോഡ് പിന്നിട്ടു; കെ.എസ് ചിത്രക്ക് ആദരം
മീഡിയവണ്‍ തിരുവനന്തപുരം സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മീഡിയവണിന്റെ ഉപഹാരം നല്‍കി.
തിരുവനന്തപുരം : നിരാലംബരായ രോഗികള്‍ക്കും, അശരണര്‍ക്കും കൈത്താങ്ങാവാന്‍ പീപ്പിള്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് മീഡിയവണ്‍ സംപ്രേഷണം ചെയ്യുന്ന സ്‌നേഹസ്പര്‍ശം പ്രോഗ്രാം നൂറ് എപ്പിസോഡ് പൂര്‍ത്തിയാക്കി. പരിപാടിയുടെ അവതാരകയായ ദക്ഷിണേന്ത്യയിലെ പ്രമുഖ ഗായിക കെ.എസ് ചിത്രയെ ആദരിച്ചു. മീഡിയവണ്‍ തിരുവനന്തപുരം സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മീഡിയവണിന്റെ ഉപഹാരം നല്‍കി. നൂറ് കണക്കന് പേര്‍ക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് കൈത്താങ്ങാവാന്‍ മീഡിയവണിന് കഴിയട്ടയെന്നും മന്ത്രി ആശംസിച്ചു.
മീഡിയവണ്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ പി.ബി.എം ഫര്‍മീസ് അദ്ധ്യക്ഷനായിരുന്നു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ പി.ആര്‍.ഒ നാസിമുദ്ധീന്‍, ചുങ്കത്ത് ജ്വല്ലറി ജനറല്‍ മാനേജര്‍ ഷാനവാസ് ഖാന്‍, മീഡിയവണ്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.ആര്‍ സാജു, അഡ്മിന്‍ മാനേജര്‍ സമീര്‍ നീര്‍ക്കുന്നം, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജ്യോതി വെള്ളല്ലൂർ എന്നിവര്‍ പങ്കെടുത്തു.
2018 ലെ വിഷുദിനത്തില്‍ ആരംഭിച്ച സ്‌നേഹസ്പര്‍ശം നൂറ് എപ്പിസോഡ് പിന്നിട്ടപ്പോള്‍ നിരവധി പേര്‍ക്ക് സഹായഹസ്തമാവാന്‍ പരിപാടിയിലൂടെ സാധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 35 വീടുകള്‍ , 140 ലധികം മെഡിക്കല്‍ സഹായങ്ങള്‍, ബാങ്ക് ലോണ്‍ ക്ലോസ് ചെയ്യാനുള്ള സഹായങ്ങള്‍, മാസാന്ത റേഷന്‍, കുടിവെള്ള പദ്ധതി, റോഡ് നിര്‍മ്മാണങ്ങള്‍ തുടങ്ങിയ നിരവധി സഹായങ്ങള്‍ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.