ഗൂഢാലോചനയുണ്ടോ എന്ന് സംശയം; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആംബുലൻസ് ഡ്രൈവർക്കെതിരെ കെ.ജി.എം.സി.ടി.എ
''പ്രോട്ടോക്കോൾ ലംഘനം തെളിഞ്ഞാൽ അന്വേഷണത്തിന് ഡോക്ടർമാർ തയ്യാറാണ്''
തിരുവനന്തപുരം: വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിച്ചതിൽ ഡോക്ടർമാർക്കെതിരെ നടപടിയെടുത്തതിനെതിരെ കെജിഎംസിടിഎയുടെ പ്രതിഷേധ യോഗം. വിദഗ്ധ സമിതി അന്വേഷിക്കണമെന്നും സംവിധാനത്തിലെ പിഴവിന് ഡോക്ർമാരെ പഴിചാരുകയാണെന്നുമാണ് കെജിഎംസിടിഎയുടെ ആരോപണം.
മെഡിക്കൽ കോളേജിനെ തകർക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. അവയവം എടുത്ത് കൊണ്ട് പോയതിൽ ഒരാൾ ആംബുലൻസ് ഡ്രൈവറാണ്. ശസ്ത്രക്രിയാ മുറിയിലേക്കല്ല അവയവം കൊണ്ടു പോകേണ്ടിയിരുന്നത്. ട്രാൻസ്പ്ലാന്റ് ഐസിയുവിലേക്കാണ് അവയവം കൊണ്ടു പോകേണ്ടിയിരുന്നതെന്നും കെജിഎംസിടിഎ പറഞ്ഞു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടായത്. സംവിധാനത്തിലെ പിഴവിന് ഡോക്ടർമാരെ പഴിചാരുകയാണെന്നും പ്രോട്ടോക്കോൾ ലംഘനം തെളിഞ്ഞാൽ അന്വേഷണത്തിന് ഡോക്ടർമാർ തയ്യാറാണെന്നും കെജിഎംസിടിഎ അറിയിച്ചു. നെഫ്രോളജി വിഭാഗത്തിലെ പല ചികിത്സാ ഉപകരണങ്ങളും തകരാറിലാണ്. അതൊന്നും പരിഹരിച്ച് തരാൻ ആളില്ലെന്നും അവർകുറ്റപ്പെടുത്തി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ തള്ളുകയോ കൊള്ളുകയോ ചെയ്യുന്നില്ല. കേസ് ഉന്നത സമിതി അന്വേഷിക്കണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.