എം.ബി.ബി.എസ് അവസാന വർഷ പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി മെഡിക്കൽ വിദ്യാർഥികൾ
2017 എം.ബി.ബി.എസ് ബാച്ചുകാരുടെ പരീക്ഷയാണ് അടുത്ത മാർച്ച് 31 മുതൽ തുടങ്ങാൻ ആരോഗ്യ സർവകലാശാല തീരുമാനിച്ചിരിക്കുന്നത്
എം.ബി.ബി.എസ് അവസാന വർഷ പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികൾ. ഒരു വർഷം കൊണ്ട് തീർക്കേണ്ട സിലബസ് ആറ് മാസം കൊണ്ട് തീർത്ത് പരീക്ഷ നടത്താനുള്ള ആരോഗ്യ സർവകലാശാലയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടും നിലപാട് തിരുത്താതായതോടെ വിഷയത്തിൽ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ഇവർ.
2017 എം.ബി.ബി.എസ് ബാച്ചുകാരുടെ പരീക്ഷയാണ് അടുത്ത മാർച്ച് 31 മുതൽ തുടങ്ങാൻ ആരോഗ്യ സർവകലാശാല തീരുമാനിച്ചിരിക്കുന്നത്. ധൃതി പിടിച്ച് പരീക്ഷ നടത്തുന്നത് മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകർച്ചക്ക് കാരണമാകുമെന്നും വൈദഗ്ധ്യമില്ലാത്ത ഡോക്ടർമാർ പുറത്തിറങ്ങുമെന്നും കാട്ടി സർവകലശാല പരീക്ഷകൾ നീട്ടിവയ്ക്കണമെന്ന് വിവിധ മെഡിക്കൽ കോളേജ് തലവന്മാർ സർവകലാശാല വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പരീക്ഷ നടത്തുകയല്ലാതെ നിവൃത്തി ഇല്ലെന്ന നിലപാടിലാണ് ആരോഗ്യ സർവകലാശാല.
അതേസമയം, അധ്യയന ദിവസങ്ങൾ ചുരുക്കിയിരുന്നെങ്കിലും പാഠഭാഗങ്ങൾ പൂർണമായും തീർത്തിരുന്നുവെന്നും പരീക്ഷ മാത്രമല്ല ഫല പ്രഖ്യാപനവും വേഗത്തിലുണ്ടാകുമെന്നും ആരോഗ്യ സർവകലാശാല പറയുന്നു. കടുത്ത പ്രതിഷേധമുയർന്നിട്ടും നിലപാട് തിരുത്താതായതോടെ ആരോഗ്യ സർവകലാശാലക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികൾ.