സംസ്ഥാനം വീണ്ടും കൊടും ചൂടിലേക്ക് പോകുമെന്ന് കാലാവസ്ഥ വിദഗ്ധർ

എൽ നിനോ പ്രഭാവവും ഇന്ത്യൻ മഹാസമുദ്രത്തിലെ ഉയർന്ന താപനിലയുമാണ് കേരളത്തിൽ ചൂട് കൂടാൻ കാരണം

Update: 2023-08-16 15:02 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും കൊടും ചൂടിലേക്ക് പോകുമെന്ന് കാലാവസ്ഥ വിദഗ്ധർ. എൽ നിനോ പ്രഭാവവും ഇന്ത്യൻ മഹാസമുദ്രത്തിലെ ഉയർന്ന താപനിലയുമാണ് കേരളത്തിൽ ചൂട് കൂടാൻ കാരണം. ഇങ്ങനെ പോയാൽ വരൾച്ച ഉണ്ടാകുമെന്ന മുന്നറിയിപ്പും കാലവസ്ഥ വിദഗ്ധർ നൽകുന്നുണ്ട്.

കാലവർഷം പിന്നിട്ട ശേഷവും ലഭിക്കേണ്ട മഴ ഇക്കുറി കേരളത്തിന് കിട്ടിയില്ല. 39 ശതമാനത്തിന്റെ മഴയുടെ കുറവ് ഉണ്ടായതായി കാലവസ്ഥ വിദഗ്ധർ പറയുന്നു. 2016ന് സമാനമായ സാഹചര്യം ഇത്തവണ ഉണ്ടാകുമെന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നു. കാലവർഷം ദുർബലമായതോടെ ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴടിയിലേറെ ജലനിരപ്പ് താഴ്ന്നു. 2015-2016 കാലഘട്ടത്തിലായിരുന്നു എൽനിനോ പ്രതിഭാസം കേരളത്തിൽ ഏറ്റവും രൂക്ഷമായത്.

2015 ൽ 25 ശതമാനത്തിന്റെയും പതിനാറിൽ 35 ശതമാനത്തിന്റെയും മൺസൂൺ മഴയുടെ കുറവുണ്ടായി. നൂറ് വർഷത്തിനിടെ ഏറ്റവും ചൂട് കൂടിയ ജൂലൈ മാസമാണ് കടന്നുപോയത്. ഏറ്റവും രൂക്ഷമായ കാലവസ്ഥ സാഹചര്യമാണ് സംജാതമായിട്ടുള്ളതെന്ന് കാലവസ്ഥ വിദഗ്ധർ പറയുന്നു.

എൽ നിനോയ്‌ക്കൊപ്പം ഇന്ത്യൻ മഹാസമുദ്രത്തിന്റെ മധ്യഭാഗത്ത് താപനില ഉയർന്നതും കേരളത്തിലെ ഇപ്പോഴത്തെ ചൂട് കൂടുന്നതിന് കാരണമായി. മൺസൂൺ മേഘങ്ങളും കാറ്റും അനുകൂലമല്ലാത്തതും തിരിച്ചടിയായി. കാലവർഷത്തിൽ കഴിഞ്ഞ ദിവസം വരെ ലഭിക്കേണ്ടിയിരുന്നത് 155.6 സെന്റി മീറ്റർ മഴയായിരുന്നു. പെയ്തതാകട്ടെ 87.7 സെന്റി മീറ്റർ മാത്രവും. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാല് മാസത്തെ കാലവർഷത്തിൽ 201.86 സെന്റി മീറ്റർ മഴയാണ് കേരളത്തിൽ ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം 173.6 സെന്റി മീറ്റർ മഴ ലഭിച്ചിരുന്നു. ഇത്തവണ ഇത്രപോലും മഴ കിട്ടിയേക്കില്ല.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News