കൂളിമാട് പാലം: അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രം പുനർനിർമാണം തുടങ്ങിയാൽ മതിയെന്ന് മന്ത്രി
കൂളിമാട് പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യമുൾപ്പെടെ അന്വേഷണ വിധേയമാക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കോഴിക്കോട്: തകർന്നൂവീണ കൂളിമാട് പാലത്തിന്റെ നിർമാണം പുനരാരംഭിക്കാനുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ നിർദേശം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തള്ളി. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രം നിർമാണം തുടങ്ങിയാൽ മതിയെന്നാണ് മന്ത്രിയുടെ നിർദേശം. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. അതേസമയം പാലത്തിന്റെ തകർന്നുവീണ ഭാഗങ്ങൾ നീക്കംചെയ്യാനുള്ള പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങിയേക്കും.
കൂളിമാട് പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യമുൾപ്പെടെ അന്വേഷണ വിധേയമാക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബീം തർന്ന് 10 ദിവസമായിട്ടും അപകടകാരണത്തെ കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താൻ പൊതുമരാമത്ത് വിജിലൻസ് സംഘത്തിന് കഴിഞ്ഞിട്ടില്ല. ഒരാഴ്ചക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്.