'ആധികാരികത പരിശോധിക്കണം'; പ്ലസ് വൺ സീറ്റ് ക്ഷാമത്തിന്റെ കണക്കവതരപ്പിച്ചവർക്കെതിരെ മന്ത്രിയുടെ ഓഫീസ്

സീറ്റ് ക്ഷാമം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുകയും അത് സംബന്ധിച്ച് പരാതി ഉന്നയിക്കുകയും ചെയ്യുന്ന ആളുകളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് മലബാർ എജുക്കേഷൻ മൂവ്‌മെന്റ്

Update: 2022-07-04 11:58 GMT
Editor : afsal137 | By : Web Desk
Advertising

കോഴിക്കോട്: പ്ലസ് വൺ സീറ്റ് ക്ഷാമത്തിന്റെ കണക്കവതരിപ്പിച്ചവർക്കെതിരെ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ ഓഫീസിൽ നിന്ന് പരാതി. കണക്കിന്റെ ആധികാരികത പരിശോധിക്കണമെന്ന് ചൂണ്ടികാട്ടിയാണ് മലബാർ എഡ്യൂക്കേഷൻ മൂവ്‌മെന്റിനതിരെ പരാതി നൽകിയത്. പരാതിയെത്തുടർന്ന് മലബാർ എഡ്യൂക്കേഷൻ മൂവ്‌മെന്റ് ഭാരവാഹിയെ കോഴിക്കോട്‌പൊലീസ് വിളിച്ചുവരുത്തി.

ഹയർ സെക്കൻഡറി ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റിലുള്ള വിവരങ്ങൾ മണ്ഡലാടിസ്ഥാനത്തിൽ ക്രോഡീകരിക്കുകയാണ് മലബാർ എഡ്യൂക്കേഷൻ മൂവ്‌മെന്റ് ഭാരവാഹികൾ ചെയ്തത്. മലബാറിൽ കാലങ്ങളായി സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട പരാതികൾ നിലനിൽക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് മലബാർ എഡ്യൂക്കേഷൻ മൂവ്‌മെന്റ്. ഇപ്പോൾ ഇവർ പുറത്തുവിട്ട കണക്കനുസരിച്ച് 62293സീറ്റുകളുടെ കുറവാണ് മലബാർ ജില്ലകളിലുള്ളത്. അതേസമയം തെക്കൻ ജില്ലകളിൽ 19390 സീറ്റുകൾ അധികമുണ്ട്. ബാച്ചുകൾ നോക്കുകയാണെങ്കിൽ ഏതാണ്ട് 1200 ഓളം ബാച്ചുകളുടെ കുറവ് മലബാറിൽ ഇപ്പോഴുണ്ട്. ഈ കണക്കാണ് ഇവർ പുറത്തുവിട്ടത്. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ പേഴ്‌സണൽ സെക്രട്ടറിയാണ് കോഴിക്കോട് സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സൈബർ ക്രൈം പോലീസ് മലബാർ എഡ്യൂക്കേഷൻ മൂവ്‌മെന്റിന്റെ ജനറൽ സെക്രട്ടറി അക്ഷയ്കുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇദ്ദേഹത്തിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. സീറ്റ് ക്ഷാമം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുകയും അത് സംബന്ധിച്ച് പരാതി ഉന്നയിക്കുകയും ചെയ്യുന്ന ആളുകളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് മലബാർ എജുക്കേഷൻ മൂവ്‌മെന്റ് പ്രവർത്തകർ ആരോപിച്ചു.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News