കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്ക്കുണ്ടായ ദുരനുഭവം ഞെട്ടിക്കുന്നത്, നടപടിയെടുക്കും: മന്ത്രി ആന്‍റണി രാജു

പരാതി പരിഹരിക്കേണ്ട ഉത്തരവാദിത്വം കണ്ടക്ടർക്കുണ്ടായിരുന്നുവെന്ന് മന്ത്രി

Update: 2022-03-06 06:39 GMT
Advertising

കെഎസ്ആർടിസി ബസിൽ അധ്യാപികയ്ക്കുണ്ടായ ദുരനുഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കണ്ടക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായത്. പരാതി പരിഹരിക്കേണ്ട ഉത്തരവാദിത്വം കണ്ടക്ടർക്കുണ്ടായിരുന്നു. വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കണ്ടക്ടർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

മന്ത്രി ആന്‍റണി രാജു വിളിച്ചെന്ന് അധ്യാപിക പറഞ്ഞു. കണ്ടക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും അധ്യാപിക പ്രതികരിച്ചു.

കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴാണ് അധ്യാപികയെ സഹയാത്രികന്‍ മോശമായി സ്പര്‍ശിച്ചത്. ഉടന്‍ തന്നെ എഴുന്നേറ്റുനിന്ന് എല്ലാവരും കേള്‍ക്കെ എന്തുവൃത്തികേടാണ് കാണിക്കുന്നതെന്ന് അധ്യാപിക ചോദിച്ചു. അയാള്‍ സോറി പറഞ്ഞു. എന്നാല്‍ അയാള്‍ പിറകില്‍ തന്നെയുള്ളതിനാല്‍ പേടി തോന്നിയെന്ന് അധ്യാപിക പറഞ്ഞു.

താന്‍ ഉറക്കെ സംസാരിച്ചിട്ടുപോലും കണ്ടക്ടറോ മറ്റു യാത്രക്കാരെ ഒരു വാക്കുപോലും അയാള്‍ക്കെതിരെ പറഞ്ഞില്ലെന്ന് അധ്യാപിക വിശദീകരിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചുറ്റുമുള്ള മനുഷ്യർ കട്ടയ്ക്ക് കൂടെനില്‍ക്കുമെന്ന ധൈര്യത്തിലാണ് തനിച്ച് യാത്ര ചെയ്യാറുള്ളത്. ഒന്നും പറയാനില്ലേ എന്ന് കണ്ടക്ടറോട് ചോദിച്ചപ്പോള്‍ അയാള്‍ സോറി പറഞ്ഞില്ലേ പിന്നെന്തിനാണ് പ്രശ്നമുണ്ടാക്കുന്നതെന്നാണ് കണ്ടക്ടര്‍ ചോദിച്ചത്.

"ഞാനിത് നിയമപരമായി തന്നെ നേരിടും. കണ്ടക്ടര്‍ക്കെതിരെ പരാതി നല്‍കും. പ്രതികരിക്കാതിരുന്നാല്‍ നാളെ ഒരു കുട്ടിയെ അയാളുടെ മുന്നില്‍ വെച്ച് ആരെങ്കിലും ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്താല്‍പ്പോലും അയാളിങ്ങനെ ഇരിക്കില്ലേ? ഒന്നും കാണാത്തപോലെ?"- അധ്യാപിക ചോദിക്കുന്നു.

അധ്യാപികയുടെ കുറിപ്പ്

ഒരുപാട് ഇടങ്ങളിൽ തൊടലും തൊണ്ടലും പിടിക്കലും നേരിട്ടിട്ടുണ്ട്, അന്നേരം തന്നെ ഉറക്കെ പ്രതികരിക്കാറാണ് ശീലം. ചുറ്റുമുള്ള മനുഷ്യർ അത് ഏറ്റെടുത്ത് കട്ടക്ക് കൂടെ നിന്നിട്ടെ ഉള്ളു. തനിച്ച് യാത്ര ചെയ്യാനുള്ള ധൈര്യവും അത് തന്നെയാണ്. ഇന്ന് പക്ഷെ ആദ്യമായി ആരും എന്നെ കേട്ടില്ല, എനിക്ക് വേണ്ടി ഒരക്ഷരം മിണ്ടിയില്ല. അതും നടന്നത് ഞാൻ ഏറ്റവും അധികം സ്വന്തമായി കാണുന്ന, സുരക്ഷിതത്വം അനുഭവിച്ചിട്ടുള്ള എന്റെ കെഎസ്ആര്‍ടിസി ബസ്സിനുള്ളിൽ.

കണ്ടിട്ട് പ്രതികരിക്കാതെ ഇരുന്നതും ഒടുവിൽ പരാതി പറഞ്ഞപ്പോൾ കയർത്ത് ബഹളം ഉണ്ടാക്കി ട്രോമയിൽ ഇരുന്ന എന്നെ മാനസികമായി തകർത്തതും ഒരു കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥൻ ആണെന്ന് ഓർക്കുമ്പോൾ എനിക്ക് പേടിയാവുന്നു. പൊലീസ് ഇടപെട്ടിട്ടു പോലും താൻ ചെയ്തത് തെറ്റാണെന്ന് മനസിലാക്കാതെ അയാൾ ഇവിടെ സീറ്റിൽ സമാധാനമായി മയങ്ങുന്നത് കാണുമ്പോൾ സഹിക്കുന്നില്ല.

എന്റെ കൂടെ നിന്ന് ഒരു വാക്കു മിണ്ടാത്ത ഈ ബസ്സിലെ എന്തിനോ വേണ്ടി ഓടുന്ന, പൊലീസ് സ്റ്റേഷനിൽ പോയാൽ സമയം പോകുന്ന പൗരന്മാരെ ഉപദ്രവിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ, എന്റെ നാട്ടിലെത്തി, വേണ്ട നടപടികളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്.

ദയവായി പറയട്ടെ....

നിങ്ങളുടെ മുന്നിൽ ഒരു സ്ത്രീ ഉപദ്രവിക്കപ്പെട്ടു കരയുമ്പോൾ കാണാത്ത പോലെ ഇരിക്കരുത്, അവളെ കുറ്റപ്പെടുത്തരുത്, അവളോട് കയർക്കരുത്... താങ്ങാൻ ആവില്ല അത്...

ഞാൻ ഇപ്പോൾ ഓകെ ആണ്, ഉപദ്രവിക്കപ്പെട്ടതിൽ ഉള്ള വേദന ഒക്കെ അയാളോട് പ്രതികരിച്ചപ്പോഴേ പോയിട്ടുണ്ട്. പക്ഷെ ഇത്രേം നേരമായിട്ടും സംഭവം കഴിഞ്ഞു 3 മണിക്കൂർ ആയിട്ടും ആ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായ മനുഷ്യന് എന്നോട് വന്ന് ഒരു നല്ല വാക്ക് പറയാൻ തോന്നുന്നില്ലല്ലോ എന്നത് എന്നെ പിന്നെയും പിന്നെയും ഭയപ്പെടുത്തുന്നു, വേദനിപ്പിക്കുന്നു. എന്തിനാ അത്രേം മണ്ടത്തിയായി പ്രതീക്ഷിക്കുന്നത് എന്ന് ചോദിക്കരുത്. ഞാൻ ഇങ്ങനെയാ. ഇത്രേം മനുഷ്യത്വം ഇല്ലാത്തവരെ എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല.

ഇനി പഴയ പോലെ കെഎസ്ആര്‍ടിസി മാസ്സാണ്. ഡ്രൈവർ ഏട്ടന്മാരൊക്കെ നമ്മളെ അനിയത്തിമാരെയും മക്കളെയും പോലെ നോക്കും എന്ന ധൈര്യത്തിൽ രാത്രി ഇങ്ങനെ ബസ്സിൽ കയറി വരാൻ പറ്റുമോന്നറീല്ല!

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News