'ആവശ്യത്തിന് പണം നൽകിയിരുന്നു, മൃതദേഹം പ്രദർശിപ്പിച്ചത് രാഷ്ട്രീയമായ ഉപയോഗത്തിന്'; കരുവന്നൂർ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആർ.ബിന്ദു

ഫിലോമിനയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

Update: 2022-07-28 06:41 GMT
Advertising

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഇര ഫിലോമിനയുടെ മൃതദേഹം പാതയോരത്ത് പ്രദർശിപ്പിച്ചത് രാഷ്ട്രീയമായ ഉപയോഗത്തിനാണെന്ന് മന്ത്രി ആർ.ബിന്ദു. മൃതദേഹം ബാങ്കിന് മുന്നിൽ എത്തിച്ചത് മോശമായ കാര്യമാണ്. ദേവസിയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയിരുന്നെന്നും മന്ത്രി പറഞ്ഞു. നിക്ഷേപകർക്ക് ആവശ്യമുള്ള സന്ദർഭങ്ങളിൽ പണം നൽകാൻ തീരുമാനമായിട്ടുണ്ടെന്നും ഇക്കാര്യങ്ങളിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ ബാങ്കിലെനിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും നിക്ഷേപക ഫിലോമിനയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു.

അതേസമയം ഫിലോമിനയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സക്കായി ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ഇന്നലെ പ്രതിഷേധിച്ചിരുന്നു. മൃതദേഹം സംസ്‌കരിക്കാനുള്ള തുക ഇന്നും ബാക്കി തുക ചെറിയ ഇടവേളക്കുള്ളിലും നൽകാൻ ധാരണ ഉണ്ടാക്കാമെന്ന ആർ ഡി ഒയുടെ ഉറപ്പിൻമേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കഴിഞ്ഞ ഒരുമാസമായി ഫിലോമിന തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയിലാണ് ഹൃദയാഘാതം മൂലമാണ് മരിച്ചത്. വിദഗ്ദ ചികിത്സ നൽകാൻ പലതവണ പണത്തിനായി ബാങ്കിനെ സമീപിച്ചെങ്കിലും മോശമായാണ് പ്രതികരിച്ചതെന്നാണ് ഭർത്താവ് ദേവസ്യയുടെ പ്രതികരണം.

40 വര്‍ഷം വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ പണമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. ഫിലോമിന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ പെന്‍ഷന്‍ തുക ഉള്‍പ്പടെ കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. അദ്ധ്വാനിച്ചുണ്ടാക്കിയ പണം അടിയന്തരാവശ്യത്തിന് പിന്‍വലിക്കാന്‍ പോയിട്ടും അധികൃതരില്‍ നിന്നും ഒരു നടപടിയുമുണ്ടായില്ല. പണം ലഭിച്ചിരുന്നെങ്കില്‍ ഭാര്യയ്ക്ക് മികച്ച ചികിത്സ നില്‍കാന്‍ കഴിയുമായിരുന്നെന്നും ദേവസ്യ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News