എം.ജി വിസി നിയമനം; പുതിയ പാനൽ ഗവർണർക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ.ബിന്ദു
നിയമസഭ പാസാക്കിയ ബില്ല് ഗവർണർ അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യാത്തതിനാൽ അനിശ്ചിതത്വം നിലനിൽക്കുകയാണെന്നും മന്ത്രി
തിരുവനന്തപുരം: എം ജി സർവകലാശാല വി സി നിയമനത്തിൽ സാബു തോമസിന്റെ പേര് ഒഴിവാക്കി പുതിയ പാനൽ ഗവർണർക്ക് നൽകിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. സർവകലാശാലകളിലെ സ്ഥിരം വി സി നിയമനത്തിൽ ഗവൺമെൻറ് നിസ്സഹായരാണെന്നും നിയമസഭ പാസാക്കിയ ബില്ല് ഗവർണർ അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യാത്തതിനാൽ അനിശ്ചിതത്വം നിലനിൽക്കുകയാണെന്നും മന്ത്രി പറഞ്ഞു.
"എം.ജി സർവകലാശാല വിസിയുടെ ഒഴിവ് നികത്താനുള്ള ശ്രമം നടക്കുകയാണ്. ആദ്യം ഗവർണർക്ക് നൽകിയത് സാബു തോമസിന്റെ പേരായിരുന്നു. ഗവർണർ മൂന്ന് സീനിയർ പ്രൊഫസർമാരുടെ പേരാണ് ചോദിച്ചത്. സർക്കാരിന് സാബു തോമസിനെ തന്നെ നിയമിക്കാൻ ആണ് താല്പര്യം എന്ന് ഗവർണറെ അറിയിച്ചിരുന്നു. സാബു തോമസിന്റെ പേര് ഒഴിവാക്കി പുതിയ പട്ടിക നൽകിയിട്ടുണ്ട്. അതിൽ നിന്ന് ഉടൻ നിയമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഗവർണർക്ക് നിയമസഭ പാസാക്കിയ ബിൽ അയച്ചു നൽകിയിട്ടുണ്ട്. അത് അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ അനിഷ്ചിതത്വം നിലനിൽക്കുകയാണ്. സർക്കാർ നിസ്സഹായരാണ് ഈ വിഷയത്തിൽ". മന്ത്രി പറഞ്ഞു.
എം ജി സർവകലാശാലയിൽ വിസിയുടെ കസേര ഒഴിഞ്ഞുകിടക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുൻ വിസി ഡോ സാബു തോമസ് വിരമിച്ചത്. സെർച്ച് കമ്മിറ്റി നടപടിക്രമങ്ങൾ ആരംഭിക്കാത്തതിനാൽ തന്നെ സർവകലാശാല പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് താൽക്കാലിക ചുമതല കൈമാറേണ്ടതാണ്. പക്ഷെ വിരമിച്ച വി സി സാബു തോമസിന് പുനർനിയമനം നൽകണമെന്ന ആവശ്യം സർക്കാർ മുന്നോട്ടുവെച്ചു. എന്നാൽ കണ്ണൂർ വിസി പുനർനിയമനം സുപ്രീംകോടതി കയറിയ പശ്ചാത്തലത്തിൽ ഗവർണർ ഇതിന് തയ്യാറായില്ല.
പകരം താൽക്കാലിക ചുമതല നൽകാൻ മൂന്നംഗ പാനൽ സർക്കാരിനോട് ആവശ്യപ്പെട്ടു. സാബു തോമസിനെയും മറ്റ് പ്രഫസർമാരെയും ഉൾപ്പെടുത്തി സർക്കാർ പാനൽ നൽകിയെങ്കിലും വിരമിച്ചവർ പാനലിൽ പാടില്ല എന്ന് കാട്ടി ഗവർണർ അതും തള്ളി. മലയാളം സർവകലാശാലയിൽ സാബു തോമസിന് അധിക ചുമതല നൽകിയിരുന്നതിനാൽ ഇപ്പോൾ അവിടെയും വിസി ഇല്ല.. ഇതോടെ രണ്ട് സർവകലാശാലകളിലെയും പ്രവർത്തനങ്ങൾ അവതാളത്തിൽ ആയിരിക്കുകയാണ്. വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം, ഉപരിപഠനം, ജോലി സാധ്യതകൾ, ജീവനക്കാരുടെ ഉദ്യോഗക്കയറ്റം എന്നിവയും പ്രതിസന്ധിയിലായി.