'ഏഷ്യാനെറ്റ് ന്യൂസ് മേധാവി ബിജെപിയുടെ അധ്യക്ഷനായില്ലേ? ഞാൻ റവന്യൂ മന്ത്രി ആയില്ലേ?; എം.ആർ അജിത് കുമാർ DGP ആകുമോ എന്ന ചോദ്യത്തിന് മന്ത്രി രാജന്റെ മറുപടി
'ഭൂതത്തോടും വർത്തമാനത്തോടും പ്രതികരിക്കാം, ഭാവിയെപ്പറ്റി പറയാൻ കഴിയില്ലല്ലോ'


തൃശൂര്‍: എം.ആർ അജിത് കുമാർ ഡിജിപി ആകാൻ സാധ്യതയുണ്ടെന്ന ചോദ്യത്തിന് വിചിത്രമറുപടിയുമായി മന്ത്രി കെ രാജൻ. ഭൂതത്തോടും വർത്തമാനത്തോടും പ്രതികരിക്കാം, ഭാവിയെപ്പറ്റി പറയാൻ കഴിയില്ലല്ലോ എന്നും ഏഷ്യാനെറ്റ് ന്യൂസ് മേധാവി ബിജെപിയുടെ അധ്യക്ഷനായില്ലേ, താൻ റവന്യൂ മന്ത്രി ആയില്ലേയെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
' ഏഷ്യാനെറ്റ് ന്യൂസിന്‍റെ മേധാവി ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുമെന്ന് നമ്മള്‍ ആരെങ്കിലും കരുതിയിരുന്നോ.? ആയി.നമ്മള്‍ അത് ഉള്‍ക്കൊണ്ടു.ഞാന്‍ റവന്യൂ മന്ത്രിയാകും എന്നാരെങ്കിലും കരുതിയോ..പക്ഷേ ആയി.ഇനി എങ്ങനെയാകും,ആരാകും എന്നത് ആ ഘട്ടത്തില്‍ പറയാം.ഭൂതത്തോടും വർത്തമാനത്തോടും പ്രതികരിക്കാം, ഭാവിയെപ്പറ്റി പ്രതികരിക്കാന്‍ കഴിയില്ലല്ലോ...?' മന്ത്രി ചോദിച്ചു.
അതേസമയം, എ ഡിജിപി എം.ആർ അജിത് കുമാറിന് വിജിലൻസിൻ്റെ സമ്പൂർണ്ണ ക്ലീൻ ചിറ്റാണ് ലഭിച്ചിരിക്കുന്നത്. . ഒരു കേസിലും അഴിമതി നടന്നിട്ടില്ലെന്ന റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ സർക്കാറിന് കൈമാറി. റിപ്പോർട്ട് നാളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിക്കും . റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാൽ അജിത് കുമാറിന് ഡിജിപി റാങ്ക് ലഭിക്കും.
പി. വി അൻവറിൻ്റെ ആരോപണങ്ങളെ തുടർന്നാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. കരിപ്പൂരിലെ സ്വർണ്ണകടത്തിൽ എം. ആർ അജിത് കുമാറിന് പങ്കില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ . കള്ളപണം ഉപയോഗിച്ച് ഫ്ലാറ്റ് വാങ്ങി മറിച്ച് വിറ്റ് ലക്ഷങ്ങൾ എം. ആർ അജിത്കുമാർ സ്വന്തമാക്കി എന്ന ആരോപണങ്ങൾക്കും തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരത്തെ വീട് നിർമ്മാണത്തിൻ്റെ പണത്തിൻ്റെ കാര്യത്തിലും വിജിലൻസിന് സംശയങ്ങളില്ല. എഡിജിപിയായ എം.ആർ അജിത് കുമാറിന് സ്ഥാനകയറ്റം നൽകി ഡി ജി പി റാങ്ക് നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. വിജിലൻസ് അന്വേഷണ റിപ്പോർട്ട് അനുകൂലമായതിനാൽ സ്ഥാനകയറ്റം വേഗത്തിലാക്കനാണ് സാധ്യത .അജിത്കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാനുഉള്ള പട്ടികയിലും ഉൾപെടുത്തിയിട്ടുണ്ട്.