'മുസ്‌ലിം സമം തീവ്രവാദം എന്ന ആശയപ്രചാരണം ഏറ്റുപിടിക്കാനാണ് ഈ വിഷം തുപ്പിയത്'; വി അബ്ദുറഹ്മാനെതിരായ പരാമർശത്തിൽ റിയാസ്
കൊറോണ വൈറസ് ബാധിച്ചയാൾ പുറത്തിറങ്ങി വൈറസ് പരത്തിയ ശേഷം സോറി പറഞ്ഞിട്ട് എന്തു കാര്യമെന്നും അബ്ദുറഹ്മാൻ എന്ന പേരിൽ എന്താണ് പ്രശ്‌നമെന്നും മന്ത്രി
തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനെതിരായ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ തീവ്രവാദ പരാമർശത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പറയേണ്ടത് മുഴുവൻ പറഞ്ഞിട്ട് മാപ്പ് ചോദിക്കുന്നതിൽ കാര്യമില്ലെന്നും മുസ്‌ലിം സമം തീവ്രവാദം എന്ന ആശയപ്രചാരണം ഏറ്റുപിടിക്കാനാണ് ഈ വിഷം തുപ്പിയതെന്നും ഇത് ബോധപൂർവം നടത്തിയ പരാമർശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
കൊറോണ വൈറസ് ബാധിച്ചയാൾ പുറത്തിറങ്ങി വൈറസ് പരത്തിയ ശേഷം സോറി പറഞ്ഞിട്ട് എന്തു കാര്യമെന്നും അബ്ദുറഹ്മാൻ എന്ന പേരിൽ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. ഇത് കേരളമാണെന്ന തിരിച്ചറിവിലാണ് സോറി പറഞ്ഞതെന്നും പറഞ്ഞു. സോറി പറഞ്ഞതുകൊണ്ട് പരിഹരിക്കേണ്ട വിഷയമല്ലെന്നും ഭാവിയിൽ ഇത്തരം വൃത്തികേടുകൾ പറയാത്ത തരത്തിൽ ഈ മണ്ണിനെ മാറ്റിയെടുക്കണമെന്നും മന്ത്രി റിയാസ് വ്യക്തമാക്കി. ഇവർ സംഘപരിവാറിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് നിലപാടുകൾ സ്വീകരിക്കുകയാണെന്നും വിഷയത്തിൽ പ്രതികരിക്കേണ്ട പലരും പ്രതികരിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. ഈ നിലപാട് അത്ഭുതം സൃഷ്ടിക്കുന്നുവെന്നും പറഞ്ഞു. യു.ഡി.എഫിലെ പലരും ഇക്കാര്യത്തിൽ മിണ്ടിയില്ലെന്നും വിമർശിച്ചു.
അതേസമയം, നാവിന് എല്ലില്ലെന്ന് കരുതി എന്തും പറയരുതെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ പ്രതികരിച്ചു. എന്നിട്ട് മാപ്പ് പറയരുത്.വൈദികന്റെ മാപ്പ് സ്വീകരിച്ചിട്ടില്ല. എന്നോട് മാപ്പ് പറയണമെന്നുമില്ല. എന്തും വിളിച്ചു പറയാമെന്ന അഹങ്കാരമാണ്. ആ അഹങ്കാരം നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു. 'നിയമപരമായ നടപടികൾ എന്താണെന്നുവെച്ചാൽ നടക്കെട്ടെ. തീവ്രവാദമെന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ല. രാജ്യത്തെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നവർ ദേശദ്രോഹമല്ലേ?അതിപ്പോഴും പറയുന്നു, ഇനിയും പറയും... മന്ത്രി പറഞ്ഞു.
അതിനിടെ, മന്ത്രി വി.അബ്ദുറഹിമാനെതിരായ ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തു. മന്ത്രിക്കെതിരായ പരാമരശം ചേരിതിരിവ് ലക്ഷ്യമിട്ടായിരുന്നു പരാമർശമെന്നും എഫ്.ഐ.ആറിൽ പറഞ്ഞു. ഐഎൻഎല്ലിന്റെ പരാതിയിലാണ് തിയോഡോഷ്യസിനെതിരെ പൊലീസ് കേസെടുത്തത്. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മന്ത്രി വി.അബ്ദുറഹിമാന്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന വിഴിഞ്ഞം തുറമുഖ നിർമാണവിരുദ്ധ സമരസമിതി കൺവീനർ കൂടിയായ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമർശം. എന്നാൽ പിന്നീട് ഫാദർ തിയോഡോഷ്യസ് ഖേദം പ്രകടിപ്പിച്ചിരുന്നു. പരാമർശം വികാര വിക്ഷോഭത്തിൽ നാക്കുപിഴയായി സംഭവിച്ചതാണെന്ന് ഫാദർ തിയോഡോഷ്യസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു.
Public Works Minister PA Muhammad Riyas reacts to Fr.Theodosius D'Cruz's terrorist remarks on v abdurahman