'മന്ത്രിമാർ അവിടെയുണ്ടായിരുന്ന സ്ത്രീകളെയടക്കം ആക്ഷേപിച്ചു, വെറുതെ ഷോ കാണിക്കേണ്ടെന്ന് എന്നോട് പറഞ്ഞു'; ഫാ.യുജിൻ പെരേര
''മന്ത്രിമാരെ പിടിച്ചിറക്കെടാ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല''
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങളിൽ ഇടപെടുന്നവരെ നിശബ്ദമാക്കാനാണ് തനിക്കെതിരെ കേസ് എടുത്തതെന്ന് ഫാദർ യൂജിൻ പെരേര. ഭരണകൂടത്തിന്റെ ആസൂത്രണ നീക്കമാണ് മുതലപ്പൊഴിയിൽ കഴിഞ്ഞ ദിവസം നടന്നതെന്നും മുതലപൊഴിയിൽ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും യൂജിൻ പെരേര മീഡിയവണിനോട് പറഞ്ഞു.
'തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെയാണ് ഞാൻ മുതലപ്പൊഴിയിൽ എത്തിയത്. അവിടെയെത്തുമ്പോൾ മന്ത്രി വളരെ ക്ഷുഭിതനായി പുറത്തേക്ക് വരുന്നത്. ഞാൻ അദ്ദേഹത്തോട് ഒന്നും സംസാരിച്ചിട്ടില്ല.എന്നാൽ എന്നോട് ഷോ കാണിക്കേണ്ടെന്നാണ് മന്ത്രി പറഞ്ഞത്. എന്താണ് കാര്യം എന്ന് എനിക്ക് മനസിലായില്ല..' അദ്ദേഹം പറഞ്ഞു.
'മന്ത്രിമാരെ പിടിച്ചിറക്കെടാ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. അവിടെയുണ്ടായിരുന്ന സ്ത്രീകളെയെല്ലാം മന്ത്രിമാർ അധിക്ഷേപിച്ചു. ഞാൻ ഷോ കാണിക്കാനൊന്നുമല്ല അവിടെ പോയതല്ല'. അവിടെ വേദനിക്കുന്ന മനുഷ്യരെ കാണാനും ഇടപെടാനും വേണ്ടി പോയതാണെന്നും യൂജിൻ പെരേര പറഞ്ഞു.സർക്കാർ മിഷനറികൾ എപ്പോഴും പരാജയമാണ്. അതാണ് മുതലപ്പൊഴിയിൽ സംഭവിച്ചത്. വിഷയത്തെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും ഫാദർ യൂജിൻ പെരേര പറഞ്ഞു.
അതേസമയം, മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ഫാദർ യൂജിൻ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. യൂജിൻ പെരേര മന്ത്രിമാരെ പിടിച്ചെറക്കടാ എന്ന് ആക്രോശിച്ചുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. ക്രിസ്തീയ വിശ്വാസികളെ പ്രകോപിപ്പിച്ചുവെന്നും എഫ്.ഐ.ആറിലുണ്ട്. മത്സ്യത്തൊഴിലാളികളെ കാണാതായതുമായി ബന്ധപ്പെട്ട് റോഡ് ഉപരോധിച്ച സംഭവത്തിൽ കണ്ടാലറിയുന്ന 20 പേർക്കെതിരെയും കേസെടുത്തു. ബോട്ടപകടത്തിൽപ്പെട്ട മൂന്ന് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. നാലുപേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.