മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്: സി.പി ജോൺ
സിപിഎമ്മും ഡിവൈഎഫ്ഐയും മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കുന്നുവെന്ന സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് വിഷയം സജീവമായത്
കണ്ണൂർ: മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോണ്‍. മിശ്രവിവാഹത്തെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിലപാട് വ്യക്തമാക്കുന്നതിനിടെയാണ് സി.പി ജോണിന്റെ പ്രതികരണം.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മും ഡിവൈഎഫ്ഐയും മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കുന്നുവെന്ന സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് വിഷയം സജീവമായത്.
മുസ്‌ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നായിരുന്നു നാസര്‍ ഫൈസിയുടെ പരാമര്‍ശം. സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണ് ഇതിന് പിന്നിലെന്നും ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും കൂടത്തായി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നാസർ ഫൈസിയുടെ പരാമർശങ്ങളെ അവജ്ഞയോടുകൂടി തള്ളിക്കളയുകയാണ് വേണ്ടതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പ്രതികരിച്ചിരുന്നു. പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്ത് എത്തി. മിശ്രവിവാഹം നാടിന്റെ മാറ്റത്തിന്റെ ഭാഗമായി വരുന്നതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
‘മിശ്രവിവാഹം നടക്കുമ്പോഴൊക്കെ ഈ പറയുന്ന പരാതി എല്ലാക്കാലത്തും ഉണ്ടാകാറുണ്ട്. ഇപ്പോ ധാരാളം വിവാഹം നടക്കുകയല്ലേ. പുതിയ കാലഘട്ടത്തിൽ പൊതുസമൂഹത്തിൽ അതൊന്നും തടയാനാകില്ല. എതെങ്കിലുമൊരു സംഘടന വിവാഹദല്ലാളും ബ്യൂറോയുമായി പ്രവർത്തിക്കുന്നില്ല. ഈ മിശ്രവിവാഹ ബ്യൂറോ തുറക്കുകയല്ല- ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.