'തനിക്ക് ബെനാമി അക്കൗണ്ട് ഇല്ല'; ഇ.ഡി അറസ്റ്റ് ചെയ്യുമോ എന്ന ഭയമില്ലെന്നും എം.കെ.കണ്ണന്‍

പി ആർ അരവിന്ദാക്ഷന്റെ പേരിലുള്ള നിക്ഷേപത്തെക്കുറിച്ച് അറിയില്ലെന്ന് സി പി എം തൃശൂർ ജില്ല സെക്രട്ടറി എം.എം വർഗീസും പറഞ്ഞു

Update: 2023-09-27 08:25 GMT
Editor : anjala | By : Web Desk
Advertising

തൃശ്ശൂർ: കരുവന്നൂർ കേസിൽ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡ‍ന്റ് എം.കെ.കണ്ണന്‍. അറസ്റ്റിലായ സി.പി.എം കൗൺസിലർ അരവിന്ദാക്ഷന്റെ ഇടപാടുകളെക്കുറിച്ച് അറിയില്ല. സതീഷ് കുമാർ തന്റെ ബാങ്കിൽ വൻ തുക നിക്ഷേപിച്ചോ എന്ന് ഇ.ഡി പരിശോധിച്ചിട്ടില്ല. താൻ ക്യാൻവാസ് ചെയ്ത് സതീഷ് കുമാർ എവിടെയും തുക നിക്ഷേപിച്ചിട്ടില്ലെന്നും എം.കെ കണ്ണൻ പറഞ്ഞു. അരവിന്ദാക്ഷനെതിരായ ആക്ഷേപം പാർട്ടിയുടെ മുന്നിൽ പരാതിയായി വന്നാൽ പരിശോധിക്കുമെന്ന് അദ്ദേഹം  പ്രതികരിച്ചു.

ഇ.ഡി തല്ലി എന്ന് പറഞ്ഞിട്ടില്ല. തല്ലുക മാത്രമല്ല പീഡനം. നോട്ടം കൊണ്ടും ഭാഷ കൊണ്ടും എല്ലാം പീഡനത്തിൽ വരും. മണിക്കൂറുകളോളം ഇരുത്തിയിട്ട് മൂന്ന് മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്തത്. പാസ്‌പോര്‍ട്ടും മറ്റും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് പത്തു ദിവസം സമയം ചോദിച്ചിട്ടുണ്ട് കണ്ണന്‍ പറഞ്ഞു.

പി ആർ അരവിന്ദാക്ഷന്റെ പേരിലുള്ള നിക്ഷേപത്തെക്കുറിച്ച് അറിയില്ലെന്ന് സി പി എം തൃശൂർ ജില്ല സെക്രട്ടറി എം.എം വർഗീസും പറഞ്ഞു. പാർട്ടി അരവിന്ദാക്ഷനൊപ്പം നിൽക്കും. ഏതെങ്കിലും തെറ്റായ നിലപാട് പാർട്ടിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ജില്ല സെക്രട്ടറി പറഞ്ഞു. സി.പി.എം നേതാക്കളെ വേട്ടയാടുക ലക്ഷ്യം ഇട്ടാണ് സി പി എം കൗൺസിലറും പ്രാദേശിക നേതാവുമായ പി ആർ അരവിന്ദാക്ഷനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പാർട്ടി നിലപാട്. എ.സി മൊയ്തീൻ അടക്കമുള്ള പാർട്ടി നേതാക്കളിലേക്ക് കേസ് എത്തിക്കാനാണ് ഇ ഡിയുടെ നീക്കമെന്ന്  എം.എം വർഗീസ് പറഞ്ഞു. അരവിന്ദാക്ഷന്റെ സാമ്പത്തിക നിലയേക്കുറിച്ച് അറിയില്ലെന്നും ജില്ലാ സെക്രട്ടറി പ്രതികരിച്ചു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News