'ജോസഫ് മാഷിന്‍റെ അവസ്ഥയുണ്ടാകും'; എം.കെ മുനീർ എം.എല്‍.എക്ക് ഭീഷണിക്കത്ത്
കടുത്ത ഭാഷയിലാണ് കത്തെന്നും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തിന്‍റെ പകർപ്പ് സഹിതം പരാതി നൽകിയെന്നും എംകെ മുനീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
മുതിര്‍ന്ന മുസ്‍ലിം ലീഗ് നേതാവും കൊടുവള്ളിയില്‍ നിന്നുള്ള നിയമസഭാംഗവുമായ എം.കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്‍റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്. 'താലിബാന്‍ ഒരു വിസ്മയം' എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കടുത്ത ഭാഷയിലാണ് കത്തെന്നും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തിന്‍റെ പകർപ്പ് സഹിതം പരാതി നൽകിയെന്നും എം.കെ മുനീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
താലിബാനെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്നും എം.കെ മുനീര്‍ പറഞ്ഞു. താലിബാന് എന്തെങ്കിലും മാറ്റം വന്നുവെന്ന് കരുതാനാവില്ലെന്നും വാർത്താ ഏജൻസികളെ പോലും നിശബ്ദരാക്കുന്നതായും എം.കെ മുനീര്‍ വ്യക്തമാക്കി.