ജെൻഡർ ന്യൂട്രാലിറ്റി പ്രസംഗം വിവാദമായതിന് പിന്നാലെ മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ച് എം.കെ മുനീർ

ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി എം.കെ മുനീർ എം.എൽ.എ രംഗത്തെത്തിയിരുന്നു

Update: 2022-08-20 01:52 GMT
Editor : Dibin Gopan | By : Web Desk
Advertising

കോഴിക്കോട് : ജെൻഡർ ന്യൂട്രാലിറ്റി പ്രസംഗം വിവാദമായതിന് പിന്നാലെ മാധ്യമങ്ങൾക്ക് എം.കെ മുനീർ എംഎൽഎയുടെ വക്കീൽ നോട്ടീസ്. പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്ത് അപകീർത്തികരമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ രീതിയിൽ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന് കാണിച്ചാണ് നോട്ടീസ്. മീഡിയ വൺ, ന്യൂസ് 18, മാതൃഭൂമി ന്യൂസ് ചാനലുകൾക്കാണ് എം.കെ മുനീർ വക്കീൽ നോട്ടീസ് അയച്ചത്. പാഠ്യപദ്ധതി പരിഷ്‌കാരവുമായി ബന്ധപ്പെട്ട സെമിനാറിൽ എം. കെ മുനീർ നടത്തിയ ഉദ്ഘാടന പ്രസംഗമാണ് വിവാദമായത്.

ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി എം.കെ മുനീർ എം.എൽ.എ രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകൾ വളച്ചൊടിച്ചു. സ്‌കൂളുകളിൽ ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ പോക്‌സോ നിഷ്പ്രഭമാകുമെന്നാണ് താൻ പറഞ്ഞതെന്നും എം.കെ മുനീർ പറഞ്ഞു.

പ്രായപൂർത്തിയായ പുരുഷൻ ഒരു ആൺകുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ടാൽ കേസെടുക്കുന്നത് എന്തിനെന്നാണ് എം.കെ മുനീർ നേരത്തെ ചോദിച്ചത്. ഭൂരിപക്ഷം വരുന്ന മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജെൻഡർ ന്യൂട്രാലിറ്റി. ലിംഗനീതിയാണ് ആവശ്യമെന്നും എം.കെ മുനീർ പറഞ്ഞു.

'ഹോമോസെക്ഷ്വാലിറ്റിയുടെ പേരിൽ എത്ര കേസുകൾ നടക്കുന്നു? പോക്‌സോ കേസുകളൊക്കെ എന്താണ്? പുരുഷൻ ആൺകുട്ടിയുമായി ബന്ധപ്പെട്ടതിൻറെ പേരിൽ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാ? ജെൻഡർ ന്യൂട്രാലിറ്റിയാണ്. ജെൻഡർ ന്യൂട്രാലിറ്റിക്ക് കേസെടുക്കുന്നു. ജെൻഡർ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും സമൂഹത്തിൽ ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകളുണ്ടാവും എന്ന് ആലോചിക്കുക'- എം.കെ മുനീർ പറഞ്ഞു.

കോഴിക്കോട് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ പരിപാടിയിലാണ് എം.കെ മുനീറിന്റെ ചോദ്യം. 'കേരള പാഠ്യ പദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മുനീർ. ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ ഭൂരിപക്ഷം മതവിശ്വാസികളെ വെല്ലുവിളിക്കുകയാണ്. പെൺകുട്ടികൾ പാൻറും ഷർട്ടുമിട്ടാൽ ലിംഗനീതിയാവുമോ? വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോയെന്നും എം.കെ മുനീർ ചോദിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News