'തമിഴ്നാട് സർക്കാരിന്‍റേത് ശുദ്ധ പോക്രിത്തരം': പാതിരാത്രിയിൽ ഡാം തുറന്നത് മര്യാദകേടെന്ന് എം.എം മണി
അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്കെതിരെയും എം.എം മണി തുറന്നടിച്ചു.
മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാരിന്‍റേത് ശുദ്ധ പോക്രിത്തരമെന്ന് മന്ത്രി എം.എം മണി. പാതിരാത്രിയിൽ ഡാം തുറന്നുവിട്ട തമിഴ്നാടിന്‍റെ നടപടി മര്യാദകേടാണ്. കേന്ദ്ര ഗവൺമെന്‍റ് എന്നും തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മണി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്കെതിരെയും എം.എം മണി തുറന്നടിച്ചു. കോൺഗ്രസ് ഗവൺമെൻ്റുകൾ ചെയ്യേണ്ടതൊന്നും ഇത്രയും കാലത്തിനിടയില്‍ ചെയ്തിട്ടില്ല. കോൺഗ്രസുകാർ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും എന്താണ് ഈ വിഷയത്തില്‍ ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആത്മാർഥതയില്ലാത്ത ആളാണ്. അതുകൊണ്ട് തന്നെ എം.പിയും വി.ഡി സതീശനുമെല്ലാം വീട്ടിൽ പോയിരുന്നു സമരം ചെയ്താൽ മതി. എം.എം മണി പറഞ്ഞു.
മുല്ലപ്പെരിയാറിന്‍റെ ഷട്ടറുകള്‍ രാത്രി മുന്നറിയിപ്പില്ലാതെ തുറക്കരുതെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാതെയാണ് കഴിഞ്ഞ ദിവസം തമിഴ്നാട് ഷട്ടറുകള്‍ തുറന്നത്. ജലനിരപ്പ് 142 അടിയില്‍ എത്തിയതോടെ മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ രാത്രിയിൽ മുന്നറിയിപ്പില്ലാതെ തുറക്കുകയായിരുന്നു. പുലർച്ചെ രണ്ടരയ്ക്കും മൂന്നരക്കുമായാണ് 8 ഷട്ടറുകൾ തുറന്നത്. അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 60 സെന്‍റീമീറ്ററും ബാക്കിയുള്ളവ 30 സെന്‍റീമീറ്ററുമാണ് ഉയര്‍ത്തിയത്. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കടത്തിക്കാട്, മഞ്ചുമല മേഖലകളിൽ വീടുകളിൽ വെള്ളം കയറി. കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന പരാതിയുമായി നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ രാത്രി ഷട്ടർ തുറക്കരുതെന്ന് ചൊവ്വാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും ചെവിക്കൊള്ളാതെയാണ് തമിഴഅനാട് ഷട്ടറുകള്‍ രാത്രി തുറന്നത്.