ചിന്നക്കനാൽ റിസർവ് വനം; വിജ്ഞാപനം പിൻവലിക്കണമെന്ന് എം.എം മണി

നവകേരള സദസ്സ് മുന്നിൽ കണ്ടാണ് തുടർനടപടികൾ മരവിപ്പിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം

Update: 2023-12-05 07:49 GMT
Editor : Lissy P | By : Web Desk
Advertising

ഇടുക്കി: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള വിജ്ഞാപനം പിൻവലിക്കണമെന്ന് എം.എം മണി എം.എൽ.എ. നവകേരള സദസ്സ് മുന്നിൽ കണ്ടാണ് തുടർനടപടികൾ മരവിപ്പിച്ചതെന്നും വിജ്ഞാപനം പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ചിന്നക്കനാൽ ഭൂസംരക്ഷണസമിതി വ്യക്തമാക്കി. വിജ്ഞാപനത്തിന് പിന്നിൽ ഉദ്യോഗസ്ഥതല ഗൂഢാലോചനയുണ്ടെന്ന് ജോസ്.കെ മാണി എം.പിയും പറഞ്ഞു.

എച്ച്.എൻ.എല്ലിന്റെ കൈവശമിരുന്നതും ചിന്നക്കനാൽ വില്ലേജിലെ ഏഴ്,എട്ട് ബ്ലോക്കുകളിൽ ഉൾപ്പെടുന്നതുമായ സ്ഥലമാണ് റിസർവ് വനമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറക്കിയത്. ജനകീയ പ്രതിഷേധത്തെത്തുടർന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്ന് തുടർനടപടികൾ മരവിപ്പിക്കുകയും ചെയ്തു. വിജ്ഞാപനം മരവിപ്പിച്ച നടപടി സ്വാഗതാർഹമാണെന്നും പിൻവലിക്കുകയാണ് വേണ്ടതെന്നും എം.എം മണി എം.എൽ.എ പറഞ്ഞു. നവകേരള സദസ്സ് മുന്നിൽ കണ്ടാണ് തുടർനടപടികൾ മരവിപ്പിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. വിജ്ഞാപനം റദ്ദ് ചെയ്യണമെന്ന് ചിന്നക്കനാൽ ഭൂസംരക്ഷണസമിതിയും ആവശ്യപ്പെട്ടു.

1996 ഡിസംബർ 12 ന് മുമ്പ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള ഭൂമി വന സംരക്ഷണ നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്നും കേന്ദ്ര മാർഗ രേഖ വന്നാലും സെറ്റിൽമെൻ്റ് ഓഫീസറെ നിയമിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്നുമാണ് നിലവിലെ സർക്കാർ തീരുമാനം. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News