മൊബൈൽ ബയോ സെക്യൂരിറ്റി ലബോറട്ടറി കേരളത്തിലേക്ക്
നാല് മണിക്കൂറിൽ 100 പേരുടെ സ്രവം പരിശോധിക്കാൻ സഞ്ചരിക്കുന്ന ലാബിന് സാധിക്കും.
തിരുവനന്തപുരം: മൊബൈൽ ബയോ സെക്യൂരിറ്റി ലബോറട്ടറി കേരളത്തിലേക്ക് കൊണ്ടുവരുന്നു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് മൊബൈൽ ബയോ സെക്യൂരിറ്റി ലബോറട്ടറി എത്തിക്കുക. നാല് മണിക്കൂറിൽ 100 പേരുടെ സ്രവം പരിശോധിക്കാൻ സഞ്ചരിക്കുന്ന ലാബിന് സാധിക്കും.
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് ലബോറട്ടറി എത്തിക്കുന്നത്. നിപ സാഹചര്യത്തിൽ കേന്ദ്രസംഘം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അതേസമയം പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അന്തിമ പരിശോധനാഫലം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അഞ്ച് സാമ്പിളുകളാണ് പരിശോധിക്കുന്നത്. മരിച്ച ഒരാളുടെയും ആശുപത്രിയിലുള്ള നാലുപേരുടെയും സാമ്പിളുകളാണ് പരിശോധനക്കയച്ചത്. കേന്ദ്രവുമായി ആശയക്കുഴപ്പമില്ല, ലഭിച്ച പ്രാഥമിക വിവരമനുസരിച്ചാവാം കേന്ദ്രമന്ത്രി പ്രതികരിച്ചതെന്നും വീണാ ജോർജ് പറഞ്ഞു.