'യു.പി.എ സര്‍ക്കാരിന്‍റെ കടം വീട്ടുകയായിരുന്നു മോദി സര്‍ക്കാര്‍'; ഇന്ധനവില വര്‍ധനയില്‍ എ.പി.അബ്ദുല്ലക്കുട്ടി
പെട്രോള്‍ ഡീസല്‍ വില ജി.എസ്.ടിക്ക് വിട്ടുകൊടുക്കുമ്പോള്‍ കേരളത്തിന്‍റെ നികുതി വരുമാനത്തില്‍ ഉണ്ടാകുന്ന നഷ്ടം ഇരട്ടി വരുമാനമാക്കി മാറ്റാന്‍ ട്രാഫിക് പൊലീസ് പോലെ ഒരു ഗോള്‍ഡ് പൊലീസിനെ പിണറായി നിയമിച്ചാല്‍ മതിയെന്ന് അബ്ദുല്ലക്കുട്ടി
മന്‍മോഹന്‍ സിങിനെ പോലെ മോദി വലിയ സാമ്പത്തിക ശാസ്ത്രജ്ഞനൊന്നുമല്ലെങ്കിലും ഇന്ത്യയിലെ ജനങ്ങളുടെ സാമ്പത്തിക കാര്യത്തില്‍ ഒരു ഗൃഹനാഥനെ പോലെ വളരെ തന്മയത്വത്തോട് കൂടി കൈകാര്യം ചെയ്തിട്ടുള്ള നേതാവാണ് അദ്ദേഹമെന്നും ഈ പ്രശ്നം മോദി പരിഹരിക്കുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇന്ധനവിലവര്‍ധന മാസം 5000 കിലോമീറ്ററോളം സഞ്ചരിക്കുന്ന തന്‍റെയും ബജറ്റിനെ ബാധിച്ചിട്ടുണ്ടെന്നും മമതയും പിണറായിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സര്‍ക്കാരുകള്‍ സഹകരിച്ചാലേ ഇതിന് പരിഹാരമുണ്ടാകൂവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. മോദി സര്‍ക്കാരിന്‍റേത് ശരിയായ നിലപാടാണ്. പഴയ വാദപ്രതിവാദങ്ങളിലേക്കൊന്നും ഇപ്പോള്‍ പോകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെട്രോള്‍ ഡീസല്‍ വില ജി.എസ്.ടിക്ക് വിട്ടുകൊടുക്കുമ്പോള്‍ കേരളത്തിന്‍റെ നികുതി വരുമാനത്തില്‍ ഉണ്ടാകുന്ന നഷ്ടം ഇരട്ടി വരുമാനമാക്കി മാറ്റാന്‍ ട്രാഫിക് പൊലീസ് പോലെ ഒരു ഗോള്‍ഡ് പൊലീസിനെ പിണറായി നിയമിച്ചാല്‍ മതിയെന്നും അബ്ദുല്ലക്കുട്ടി അഭിപ്രായപ്പെട്ടു. കേരളത്തില്‍ 20,000 കോടി രൂപയോളം കിട്ടാക്കടമായുണ്ടെന്നും ഇതൊന്നും പിരിക്കാതെ ലോട്ടറിയും മദ്യവും പെട്രോളും പറഞ്ഞ് പഴഞ്ചന്‍ വരുമാന കാഴ്ചപ്പാടുമായി പോകുകയാണ് സര്‍ക്കാരെന്നും അബ്ദുല്ലക്കുട്ടി കുറ്റപ്പെടുത്തി.