മോഫിയ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച വിധി പറയാൻ മാറ്റി
നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്
മോഫിയ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ ഭർത്താവിന്‍റെയും മാതാപിതാക്കളുടെയും ജാമ്യാപേക്ഷ ചൊവ്വാഴ്ച വിധി പറയാൻ മാറ്റി. നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. പൊലീസുദ്യോഗസ്ഥന്‍റെ മുന്നിൽ വെച്ച് ഭർത്താവിനെ തല്ലിയെന്നും ശേഷം അസ്വഭാവികമായി എന്തോ സംഭവിച്ചിട്ടുണ്ടന്നും പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകി. ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നുമുണ്ടായ പീഡനത്തിൽ നീതി കിട്ടില്ലന്ന തോന്നലിലാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടിലുള്ളത്. മോഫിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു.
മോഫിയയുടെ മാതാപിതാക്കളുടെ മൊഴി ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മോഫിയയുടെ മൊബൈൽ ഫോണും പ്രതി സുഹൈലിന്റെ മൊബൈൽ ഫോണും പരിശോധിച്ച് തെളിവ് ശേഖരിക്കും. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
സ്ത്രീധന പീഡനത്തെ തുടർന്നാണ് ആലുവ എടയപ്പുറം സ്വദേശിനി മോഫിയ പർവിൻ (21) ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കും സിഐ സിഎൽ സുധീറിനുമെമെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്നലെയാണ് സുധീറിനെ സസ്‌പെൻഡ് ചെയ്തത്. ഡിജിപിയാണ് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. സർക്കാർ നിർദേശത്തെ തുടർന്നാണ് ഡിജിപിയുടെ നടപടി. സിഐ സുധീറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ് മൂന്ന് ദിവസമായി വലിയ പ്രതിഷേധമായിരുന്നു നടന്നത്. സുധീറിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചാണ് ഡിജിപിയുടെ ഉത്തരവ്. സി ഐ സുധീറിനെ ആരോപണം ഉയർന്നപ്പോൾ സ്ഥലം മാറ്റാൻ മാത്രമായിരുന്നു ആദ്യം സർക്കാർ തീരുമാനിച്ചത്. എന്നാൽ മോഫിയയുടെ ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിട്ടും സിഐ സുധീറിനെതിരെ നടപടിയെടുക്കാത്തതിൽ വലിയ വിമർശനമാണ് ഉയർന്നത്.
കോൺഗ്രസിന്റെ നേതൃത്വത്തിൽ സത്യാഗ്രഹവും മാർച്ചും കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു. സുധീറിനെ സസ്പെൻഡ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് അറിയിച്ചതോടെ സർക്കാർ കൂടുതൽ സമ്മർദത്തിലാവുകയായിരുന്നു. സംഭവത്തിൽ എസ്പി ആദ്യം നൽകിയ റിപ്പോർട്ടിൽ സിഐ സുധീർ വലിയ പിഴവ് വരുത്തിയിട്ടില്ലെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ആ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എല്ലാ കോണുകളിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്. സിഐയെ സംരക്ഷിക്കാൻ സർക്കാരും പൊലീസും ശ്രമിക്കുകയാണെന്ന വിമർശനം ഉയർന്നു. പിന്നാലെ സിഐയ്ക്ക് ഗുരുതര വീഴ്ച ഉണ്ടായെന്ന പുതിയ റിപ്പോർട്ട് എസ്പി പുറത്തിറക്കുകയായിരുന്നു.