ആരോഗ്യ സർവകലാശാലാ വിസിയായി മോഹനൻ കുന്നുമ്മൽ തുടരും; അഞ്ച് വർഷത്തേക്കുകൂടി കാലാവധി നീട്ടി
കേരള വിസിയുടെ അധിക ചുമതലയിലും മോഹനൻ തുടരും
തിരുവനന്തപുരം: കേരള ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലറായി മോഹനൻ കുന്നുമ്മൽ തുടരും. അഞ്ച് വർഷത്തേക്കുകൂടി കാലാവധി നീട്ടി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി.
ഈ മാസം വിരമിക്കാനിരിക്കെയാണു പുതിയ തീരുമാനം. 70 വയസ് വരെ പദവിയിൽ തുടരാമെന്ന് ഉത്തരവിൽ പറയുന്നു. അതേസമയം, കേരള വിസിയുടെ അധിക ചുമതലയിലും മോഹനൻ തുടരും.
സംസ്ഥാനത്ത് പുനർനിയമനം ലഭിക്കുന്ന രണ്ടാമത്തെ വിസിയായിരിക്കുകായണ് ഡോ. മോഹനൻ കുന്നുമ്മൽ. നേരത്തെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനാണ് സംസ്ഥാനത്ത് ആദ്യമായി വിസിയായി പുനർനിയമനം ലഭിച്ചത്. നടപടി വിവാദമാകുകയും നിയമപോരാട്ടത്തിനൊടുവില്‍ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രിംകോടതി അസാധുവാക്കുകയും ചെയ്തിരുന്നു.
Summary: Mohanan Kunummal to continue as VC of Kerala University of Health Sciences as the term extended for another five years