ടെലിവിഷൻ ചാനലിന്‍റെ പേരിലും മോൻസൺ തട്ടിപ്പ് നടത്തിയതായി പരാതി
ടിവി സംസ്കാരയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന് കാട്ടി ചാനൽ എംഡി ഡി.ജി.പിക്ക് പരാതി നൽകി
പുരാവസ്തു തട്ടിപ്പ് പ്രതി മോൻസൺ ടെലിവിഷൻ ചാനലിന്‍റെ പേരിലും തട്ടിപ്പ് നടത്തിയതായും പരാതി. ടിവി സംസ്കാരയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന് കാട്ടി ചാനൽ എം.ഡി ഡി.ജി.പിക്ക് പരാതി നൽകി. ടി.വി സംസ്‌കാരയുടെ ചെയര്‍മാന്‍ എന്ന് മോൻസണ്‍ അവകാശപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. ചാനൽ എം.ഡി ബാബു ഉമ്മശേരിയാണ് പരാതി നല്‍കിയത്. മോന്‍സണ്‍ തട്ടിപ്പ് നടത്തിയത് ചാനല്‍ പുറത്താക്കിയ എം.ഡി ഹരിപ്രസാദിനെ കൂട്ടുപിടിച്ചെന്ന് ബാബു ഉമ്മശേരി ആരോപിച്ചു.
അതേസമയം മോന്‍സണ്‍ തങ്ങളേയും കമ്പളിപ്പിച്ചുവെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. പല പ്രമുഖരുമായി നിൽക്കുന്ന ചിത്രങ്ങൾ കാണിച്ച് തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞപ്പോൾ തന്നെ പുറത്താക്കി. സംഘനയുടെ പേര് തട്ടിപ്പുമായി ബന്ധപ്പെട്ട് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. തടഞ്ഞ് വെച്ച പണം കിട്ടിയാൽ 500 വീട് വെച്ച് നല്‍കാമെന്ന് മോൻസണ്‍ വാഗ്ദാനം നല്‍കി. തൃശൂരിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ ഗിന്നസ് അവാർഡ് മോൻസണ് നല്‍കുന്നത് കണ്ടു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.