മോന്‍സണ്‍ മാവുങ്കലിനെതിരെ കൂടുതൽ പരാതികൾ
ശിൽപ്പി സുരേഷിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് മോൻസന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
തട്ടിപ്പുകേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലിന്റെ പേരില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പുരാവസ്തുക്കള്‍ വാങ്ങി പണം നല്‍കാതെ കബളിപ്പിച്ചു എന്ന പരാതിയിലാണ് കേസ്. ശിൽപ്പി സുരേഷിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് മോൻസന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.മോന്‍സനെതിരെ തൃശ്ശൂരിലെ വ്യവസായിയും പോലീസിൽ പരാതി നൽകി.
പുരാവസ്തുക്കള്‍ വാങ്ങിയ ശേഷം 3 കോടി രൂപ നല്‍കാതെ കബളിപ്പിച്ചുവെന്നാണ് പുരാവസ്തുവ്യാപാരിയായ കിളിമാനൂര്‍ സ്വദേശി സന്തോഷിന്റെ പരാതി. ഈ കേസില്‍ വസ്തുതാ പരിശോധനക്ക് ശേഷം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം അഞ്ചായി. കോടതി അനുമതി ലഭിച്ചാല്‍ ഈ കേസിലും മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തും. സന്തോഷ് നല്‍കിയ വസ്തുക്കളാണ് പുരാവസ്തുക്കളെന്ന പേരില്‍ കലൂരിലെ വാടകവീട്ടില്‍ മോന്‍സണ്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.
ശിൽപ്പങ്ങളും വിഗ്രഹങ്ങളും വാങ്ങിയ ശേഷം പണം നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് മോന്‍സന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.ശിൽപ്പി സുരേഷാണ് പരാതി നൽകിയിരുന്നത്.അതിനിടെ മോന്‍സണിനെതിരെ കൂടുതൽ പേര്‍ പരാതിയുമായി രംഗത്ത് വന്നു.തന്‍ററെ പക്കൽ നിന്ന് 17 ലക്ഷം രൂപ തട്ടിച്ചുവെന്ന് തൃശ്ശൂരിലെ വ്യവസായി ഹനീഷ് ജോർജ് ഒല്ലൂര്‍ പോലീസിൽ പരാതി നൽകി.
മോന്‍സൺ മാവുങ്കലിന്റെ ശേഖരത്തില്‍ കണ്ടെത്തിയ വ്യാജ ചെമ്പോലക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. ആചാരസംരക്ഷണസമിതിയാണ് പരാതി നല്‍കിയത്. . അതേ സമയം അറ്റകുറ്റപ്പണികൾക്കായി നൽകിയ മോൻസന്റെ മൂന്ന് ആഡംബര വാഹനങ്ങൾ ചേർത്തലയിലെ വർക് ഷോപ്പിൽ കണ്ടെത്തി. മോൻസൻ അറസ്റ്റിലായ ശേഷവും വാഹനങ്ങൾ ശരിയാക്കി നൽകാൻ മാനേജർ ആവശ്യപ്പെട്ടിരുന്നു,. എന്നാൽ പണം നൽകാത്തതിനാൽ ശരിയാക്കി തരാൻ പറ്റില്ലെന്ന് മാനേജരെ അറിയിച്ചെന്ന് വർക്ക് ഷോപ്പ് ഉടമ പറഞ്ഞു