കൊടകര കുഴല്‍പ്പണക്കേസ്: പണം കൊണ്ടുവന്നവര്‍ക്ക് റൂം ബുക്ക് ചെയ്തതും പണമടച്ചതും ബിജെപി ജില്ലാ ഓഫീസ്
ഹോട്ടൽ ജീവനക്കാരന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഹോട്ടൽ രേഖകളും സി.സി.ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു
കൊടകര കുഴൽപ്പണക്കേസിലെ ബി.ജെ.പി ബന്ധത്തിന് കൂടുതൽ തെളിവുകൾ. കുഴൽപ്പണം കൊണ്ടുവന്നവർക്ക് ഹോട്ടൽ മുറി ബുക് ചെയ്തതും പണമടച്ചതും ബി.ജെ.പി തൃശ്ശൂർ ജില്ലാ ഓഫിസിൽ നിന്ന്.. ഹോട്ടൽ ജീവനക്കാരൻറെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.ഹോട്ടൽ രേഖകളും സി.സി.ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു..
നേരത്തെ ഈ കേസില്‍ ബിജെപി ജില്ലാ നേതാക്കളെ വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം വന്ന വിവരമോ പണം തട്ടിയ പ്രതികളെ കുറിച്ചോ തങ്ങള്‍ക്കറിയില്ലെന്നാണ് ജില്ലാ നേതാക്കള്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പണവുമായി വന്ന സംഘത്തിന് ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത് ബിജെപി തന്നെയാണെന്നതിനുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ബിജെപി ജില്ലാ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ ഇവര്‍ക്ക് മുറി നല്‍കിയത്. രണ്ട് മുറികളാണ് നല്‍കിയിട്ടുള്ളത്. റൂം നമ്പര്‍ 215ഉം 216ഉം. നേരത്തെയും ബിജെപി ഓഫീസില്‍ നിന്ന് റൂമുകള്‍ ആവശ്യമുണ്ടെങ്കില്‍ ഇതേ ഹോട്ടലിലേക്ക് വിളിച്ചു പറയാറുണ്ട്. തങ്ങള്‍ മുറികള്‍ ഒഴിച്ചിടാറുമുണ്ട് എന്നാണ് ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നത്. ഇത്തവണയും ബിജെപി ഓഫീസില്‍ നിന്ന് വിളിച്ചുപറഞ്ഞിട്ടാണ് റൂം നല്‍കിയതെന്ന് ഹോട്ടലിലെ ജീവനക്കാരന്‍ മീഡിയവണിനോട് പ്രതികരിച്ചു.
മൂന്ന് പേര്‍ വരുമെന്നാണ് അറിയിച്ചിരുന്നത്. രാത്രി പത്തുമണിയോടെയാണ് വന്നത്. രാവിലെ അവര്‍ തിരിച്ചുപോയി. പെയ്‍മെന്‍റ് ക്രെഡിറ്റ് സിസ്റ്റത്തിലാണ്. ഓരോരോ ബില്ലുകള്‍ എത്തിക്കുന്നതിന് അനുസരിച്ച് അവര്‍ തുക നല്‍കാറാണ് പതിവെന്നും ജീവനക്കാരന്‍ പറഞ്ഞു. ആ സമയത്ത് ജോലിയിലുണ്ടായിരുന്ന ജീവനക്കാരന്‍റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിലെ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്.
പണം വരുന്നുണ്ടെന്ന് ബിജെപി ജില്ലാ നേതൃത്വത്തിന് അറിവുണ്ടായിരുന്നു എന്ന്തന്നെ വേണം അനുമാനിക്കാന്‍. അല്ലാതെ ഇത്തരത്തില്‍ റൂം നേരത്തെ എടുത്ത് നല്‍കുകയില്ലായിരുന്നു. എന്തായാലും സുനില്‍ നായക്കിനെയും ധര്‍മരാജനെയും വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ധര്‍മരാജന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജെപി തൃശൂര്‍ ജില്ലാ നേതാക്കളെയും സംസ്ഥാനനേതാക്കളെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇന്നലെ ബിജെപി ആലപ്പുഴ ജില്ലാ ട്രെഷറര്‍ കെ ജി കര്‍ത്തയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ അന്വേഷസംഘത്തിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. നേരത്തെ ധര്‍മരാജനും ധര്‍മരാജന്റെ ഡ്രൈവറും കര്‍ത്തയെ നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. അത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി കര്‍ത്ത നല്‍കിയിട്ടില്ല. സംസ്ഥാന സംഘടനാ സെക്രട്ടറി, ഓഫീസ് സെക്രട്ടറി എന്നിവരോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അന്വേഷണ സംഘം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.