കോവിഡ് രോഗികൾക്ക് താമസമൊരുക്കിയ മസ്ജിദ് വിശ്വാസികൾക്കായി തുറന്നുകൊടുത്തു
കോവിഡ് സെൻ്ററായി പ്രവര്‍ത്തിച്ച പള്ളി നൂറോളം രോഗികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമാവുകയുണ്ടായി
കോവിഡ് രോഗികളുടെ പരിചരണത്തിനായി വിട്ടുകൊടുത്ത് ശ്രദ്ധനേടിയ ഐ.എസ്.ടി ജുമുഅ മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തു. ഐ.എസ്.ടിമാള ട്രസ്റ്റും, ഹെവൻസ് വില്ലേജും, മാള ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ 2 മാസക്കാലമായി കോവിഡ് രോഗികൾക്കായി പള്ളി വിട്ടുനല്‍കുകയായിരുന്നു. ഇന്ന് നടന്ന ജുമുഅ നമസ്ക്കാരത്തോടെ പള്ളി വീണ്ടും വിശ്വാസികൾക്കായി തുറന്നു കൊടുത്തു.
നൂറോളം രോഗികളുടെ കുടുംബത്തിന് ആശ്വാസമായി പ്രവര്‍ത്തിച്ച കോവിഡ് സെൻ്ററിലേക്ക് സാമൂഹ്യ അടുക്കളയിൽ നിന്നായിരുന്നു ഭക്ഷണം എത്തിച്ചിരുന്നത്. 150 സന്നദ്ധപ്രവര്‍ത്തകരും 20 കെയർടേക്കർമാരും രോഗികൾക്കായി സേവനമനുഷ്ഠിച്ചു.
ജുമുഅ നമസ്ക്കാരത്തിന് ഇമാം ഇഹ്സാൻ ഐനി നേതൃത്വം നൽകി. കമ്മറ്റി അംഗങ്ങളായ എ.എം.അലി, വി.എസ് നാസർ, കെ.പി നൗഷാദ്, കെ.എ സൈഫുദ്ധീൻ, കെ.എം നാസർ, വി.എസ് ജമാൽ എന്നിവർ പങ്കെടുത്തു.