ഓപറേഷൻ ഫോക്കസ് 3; മോട്ടോർ വാഹന പകുപ്പ് ഇന്ന് രജിസ്റ്റർ ചെയ്തത് 1,050 കേസുകൾ
74 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി
തിരുവനന്തപുരം: വടക്കഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപറേഷൻ ഫോക്കസ് 3 പരിശോധനയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 1,050 കേസുകൾ. 74 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി. 30 ഡ്രൈവർമാരുടെ ലൈസൻസാണ് മോട്ടോർ വാഹന പകുപ്പ് ഇന്ന് സസ്‌പെൻറ് ചെയ്തത്.
ടൂറിസ്റ്റ് ബസുകൾ കേന്ദ്രീകരിച്ച് ഇന്നും കർശന പരിശോധനയാണ് മോട്ടോർ വാഹന വകുപ്പ് നടത്തിയത്. ഇന്നലെ 1279 കേസുകളിലായി 26.15 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതിൽ രണ്ട് ബസുകളുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയിരുന്നു. 9 ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻറ് ചെയ്യുകയും 8 ബസുകളുടെ ഫിറ്റ്‌നസും റദ്ദാക്കുകയും ചെയ്തിരുന്നു. ഈ മാസം പതിനാറാം തീയതി വരെയാണ് പരിശോധന. ആദ്യ ദിവസം 134 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. 2.16 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.
പബ്ബിന് സമാനമായ സംവിധാനങ്ങളാണ് ടൂറിസ്റ്റ് ബസുകളിലെ പരിശോധനയിൽ മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയത്.ലേസർ ലൈറ്റുകൾ മുതൽ കാതടപ്പിക്കുന്ന സൗണ്ട് സംവിധാനങ്ങളും ബസുകളിൽ കണ്ടെത്തിയിരുന്നു. മിന്നിത്തിളങ്ങുന്ന ലേസർ ലൈറ്റുകൾക്ക് പുറമെ ഓരോ സീറ്റിനും സമീപത്തായി പ്രത്യേക സ്പീക്കറുകളും കൂടാതെ അലങ്കര മിനുക്കുപണികൾ വേറെയുമുണ്ട്. രണ്ട് ദിവസമായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധനയിൽ എണ്ണിയാൽ തീരാത്ത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
അതേസമയം, ലൈറ്റും ശബ്ദ സംവിധാനവും ഒന്നുമില്ലാത്ത ടൂറിസ്റ്റ് ബസുകൾ വിനോദസഞ്ചാരത്തിന് ആരും എടുക്കാറില്ലെന്നാണ് ബസുടമകളുടെ പക്ഷം.എന്നാൽ പബ്ബിന് സമാനമായ രീതിയിൽ ബസുകൾ അലങ്കരിക്കുന്നത് അംഗീകരിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പും ഗതാഗത വകുപ്പും പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് നിയമലംഘനങ്ങൾ കണ്ടെത്താൻ കർശന പരിശോധന തുടരാനാണ് എം.വി.ഡിയുടെ തീരുമാനം