രോഗികൾക്ക് ഇരുട്ടടി; തിരുവനന്തപുരം മെഡിക്കൽ കോളജിൽ യൂസർ ഫീ കൂട്ടാൻ നീക്കം

വിവിധ വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ മെയിന്‍റനന്‍സിന് വേണ്ടിയാണ് യൂസർ ഫീ കൂട്ടാനുള്ള നീക്കം നടക്കുന്നത്

Update: 2024-08-24 01:17 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: രോഗികൾക്ക് ഇരുട്ടടിയായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ യൂസർ ഫീ കൂട്ടാൻ നീക്കം. വിവിധ വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ മെയിന്‍റനന്‍സിന് വേണ്ടിയാണ് യൂസർ ഫീ കൂട്ടാനുള്ള നീക്കം നടക്കുന്നത്. ആശുപത്രി വികസന കമ്മിറ്റിയാണ് യൂസർ ഫീ കൂട്ടണമെന്ന നിർദേശം മുന്നോട്ടുവച്ചത്. ആശുപത്രി വികസന ഫണ്ടോ ബജറ്റ് വിഹിതമോ തികയാത്തതാണ് സാധരണക്കാരുടെ മേൽ അധികഭാരം കെട്ടിവയ്ക്കാനുളള നീക്കത്തിന് പിന്നിൽ.

റേഡിയോ ഡയഗ്നോസിസ്, ന്യൂറോളജി, നെഫ്രോളജി, യൂറോളജി, കാർഡിയോ വാസ്കുലാർ, കാർഡിയോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ മെയിന്‍റനന്‍സിന് മൂന്നര കോടിയോളം വേണം. ഈ തുക ഇപ്പോഴത്തെ സാഹചര്യത്തിൽ മെഡിക്കൽ കോളേജ് അധികൃതർക്ക് നൽകാൻ കഴിയുന്നതല്ല. ആനുവൽ മെയിന്‍റനന്‍സ് യന്ത്രങ്ങൾക്ക് നടത്തേണ്ടതാണെങ്കിലും അത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പാലിക്കുന്നില്ല. ഇതിന് പിന്നാലെയാണ് യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി ആശുപത്രി വികസന കമ്മിറ്റി കുറുക്കുവഴി തേടുന്നത്.

യൂസർ ഫീ കൂട്ടി ലഭിക്കുന്ന തുക ഇതിനായി വിനിയോഗിക്കാനാണ് എച്ച്ഡിഎസിന്‍റെ നീക്കം. എംആർഐ, സി.ടി സ്കാൻ മെഷീനുകൾ അടക്കമുള്ളവയുടെ വാർഷിക അറ്റകുറ്റപ്പണിക്ക് കോടികൾ വേണ്ടിവരും. യൂസർ ഫീ ഈടാക്കുന്ന എല്ലാ മെഷീനുകൾക്കും കോംപ്രഗൻസിവ് ആനുവൽ മെയിന്‍റനന്‍സ് കോസ്റ്റ് എന്ന പേരിൽ നിശ്ചിത തുക എച്ച്ഡിഎസ് അടക്കേണ്ടതാണ്. ഇത് കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കും എന്നാണ് ആശുപത്രി വികസന കമ്മിറ്റിയുടെ മറുപടി. ഈ പ്രതിസന്ധി പരിഹരിക്കാനാണ് യൂസർ ഫീ കൂട്ടാനുള്ള എച്ച്ഡിഎസിന്‍റെ നീക്കം. നിലവിൽ 1000 രൂപ യൂസർ ഫീ നൽകുന്ന സ്ഥാനത്തുനിന്ന് അതിന്‍റെ ഇരട്ടിയിലധികം ഈടാക്കാനാണ് ആലോചന. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ബജറ്റിൽ തുക വകയിരുത്തുന്നത് പോലെ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് വർഷാവർഷം തുക നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


Full View



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News