മുല്ലപ്പെരിയാർ ഡാം 11.30 ന് തുറക്കും
മൂന്ന് ഷട്ടറുകളാണ് തുറക്കുന്നത്
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് 11.30 ന് തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൽ. ഡാമിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് എത്തിയ സാഹചര്യത്തിൽ മൂന്ന് ഷട്ടറുകൾ തുറക്കുന്നതെന്ന് തമിഴ്‌നാട് അറിയിച്ചതായി മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'V2,V3,V4 ഷട്ടറുകളാണ് തുറക്കുന്നത്. 30 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തുന്നത്. ആദ്യമണിക്കൂറിൽ സെക്കന്റിൽ 534 ഘന അടി വെള്ളം പുറത്തേക്കൊഴുകും.രണ്ടുമണിക്കൂറിന് ശേഷം 1000 ഘനയടി വരെ ഉയർത്തും.ഇതിന് ശേഷം ഏതെങ്കിലും രീതിയിൽ കൂടുതൽ വെള്ളം ഒഴുക്കിവിടുന്നുണ്ടെങ്കിൽ കൂടിയാലോചിച്ച ശേഷമേ ചെയ്യൂ എന്നും തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ അധികജലം ഒഴുക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്'. പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
പെരിയാറിന്റെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 534 ഘന അടി വെള്ളം ഒഴുകിയെത്തിയാലും ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ടെന്നും ഓറഞ്ച് അലർട്ടിനോട് അടുക്കുകയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.