ലക്ഷദ്വീപില്‍ നടക്കുന്നത് സാംസ്കാരിക അധിനിവേശമെന്ന് മുല്ലപ്പള്ളി
ദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവര്‍ രാജ്യത്തിന്‍റെ ശത്രുക്കളാണ്. എ.ഐ.സി.സി സംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ചത് ഫാഷിസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലക്ഷദ്വീപില്‍ നടക്കുന്നത് സാംസ്കാരിക അധിനിവേശമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവര്‍ രാജ്യത്തിന്‍റെ ശത്രുക്കളാണ്. എ.ഐ.സി.സി സംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ചത് ഫാഷിസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും ജനദ്രോഹ പരിഷ്കാരങ്ങളുമായി വീണ്ടും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ രംഗത്ത് വന്നു. ദ്വീപില്‍ ഫിഷറീസ് വകുപ്പിലെ 39 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റി.
ലക്ഷദ്വീപിലെ എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാനാണ് മറ്റൊരു പുതിയ നീക്കം. ഇതിനായി സ്വകാര്യ കമ്പനികളിൽ നിന്നും ടെണ്ടർ വിളിച്ചു. എയർ ആംബുലൻസുകളിൽ രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ആശുപത്രി സൌകര്യം കുറവായതിനാല്‍ ഗുരുതരാവസ്ഥയിലുള്ളവരെ കേരളത്തിലെത്തിച്ചാണ് ചികിത്സ നല്‍കുന്നത്.
രോഗി ഗുരുതരാവസ്ഥയിലാണോ എന്നു തീരുമാനിക്കാനുള്ള അവകാശം ദ്വീപിലെ മെഡിക്കൽ ഓഫീസർമാരിൽ നിന്ന് എടുത്തുമാറ്റി ഹെൽത്ത് സർവീസ് ഡയറക്ടർ ചെയർമാനായ നാലംഗ സമിതിക്ക് കൈമാറി. ഈ സമിതിയുടെ തീരുമാനത്തിന് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍റെ അംഗീകാരവും വേണമെന്ന് ഉത്തരവിൽ പറയുന്നു. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ. പട്ടേലിന്‍റെ നിർദേശപ്രകാരം ഹെൽത്ത് സർവീസ് ഡയറക്ടർ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്.