കോവിഡാനന്തരം കുട്ടികളില്‍ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം; മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി
കാവസാക്കി രോഗവുമായി വളരെ സാമ്യമുള്ള രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നതാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം.
കോവിഡാനന്തരം കുട്ടികള്‍ക്കിടയില്‍ കണ്ടുവരുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം അഥവ 'മിസ്ക്' ന്‍റെ ചികിത്സയ്ക്കാവശ്യമായ പരിശീലനങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജുകളിലും പ്രധാന ആശുപത്രികളിലും സജ്ജമാക്കിയിട്ടുണ്ടെന്നും രോഗബാധ കണ്ടെത്തിയാല്‍ ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്താണ് മിസ്ക്
കാവസാക്കി രോഗവുമായി വളരെ സാമ്യമുള്ള രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നതാണ് മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം. കോവിഡ് വൈറസ് ബാധയ്ക്ക് ശേഷം രണ്ടു മുതല്‍ എട്ടാഴ്ചയ്ക്കുള്ളില്‍ ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണം മൂലം സംഭവിക്കുന്നതാണിത്. തുടക്കത്തില്‍ അഞ്ചു വയസ്സിന് മുകളിലുള്ള മുതിര്‍ന്ന കുട്ടികളിലാണ് ഈ അസുഖം കൂടുതല്‍ കാണപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ മൂന്നുമാസം മുതലുള്ള ചെറിയ കുട്ടികളില്‍ പോലും രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
പ്രധാന ലക്ഷണങ്ങള്‍
കടുത്ത പനി, കണ്ണിലും വായിലുമുള്ള ചുവപ്പുനിറം, ശരീരത്തിലെ പാടുകള്‍ (റാഷസ്), അസുഖത്തിന്റെ തുടക്കത്തിലെ ഉണ്ടാവുന്ന ശക്തമായ വയറുവേദന, വയറിളക്കം എന്നിവ 60 ശതമാനത്തിലേറെ കുട്ടികളില്‍ കാണപ്പെടുന്നു. രോഗതീവ്രത കൂടുന്നതിന് അനുസരിച്ച് രക്തസമ്മര്‍ദം കുറയാം. കൂടാതെ, ഹൃദയത്തിന്റെ പേശികളുടെ പ്രവര്‍ത്തനത്തെയും ഹൃദയത്തിന്റെ രക്തക്കുഴലുകളെയും വൃക്കകള്‍, കരള്‍ തുടങ്ങിയ അവയവങ്ങളെയും ബാധിച്ചേക്കും. യഥാസമയം രോഗനിര്‍ണയം നടത്തി ചികിത്സ ലഭിച്ചാല്‍ മിക്ക കുട്ടികളിലും രോഗശമനം ഉണ്ടാകും. എന്നാല്‍ രോഗനിര്‍ണയവും ചികിത്സയും വൈകിയാല്‍ കുട്ടികള്‍ ഗുരുതരാവസ്ഥയിലാകാന്‍ ഇടയുണ്ട്.
മൂന്നാം തരംഗമുണ്ടായാല്‍ കൂടുതല്‍ ഭീഷണി കുട്ടികളിലെ രോഗബാധയാണ്. ഇത് കണക്കിലെടുത്ത് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. താലൂക്ക് അടിസ്ഥാനത്തില്‍ ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍ സൗകര്യം എന്നിവ സജ്ജീകരിക്കുന്നുണ്ട്. ജില്ലാ ജനറല്‍ ആശുപത്രികളെ ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ കോളജുകളുമായി ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.