കൊടകര കുഴല്‍പ്പണ കേസ്; നിഷ്പക്ഷമായി അന്വേഷിച്ചാൽ കേസ് മോദിയിലെത്തുമെന്ന് മുരളീധരൻ
ഹെലികോപ്റ്ററും പണം കടത്താൻ ഉപയോഗിച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ചാൽ സ്ഥാനാർഥിയുടെ ചെലവിൽ വരും സുരേന്ദ്രൻ സമർപ്പിച്ച ചിലവിൽ ഹെലികോപ്റ്റർ വാടക രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും മുരളീധരന്‍ ചോദിച്ചു
കൊടകര കള്ളപ്പണക്കേസിൽ ജുഡീഷണൽ അന്വേഷണം വേണമെന്ന് കെ.മുരളീധരൻ എം.പി. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്. കെ സുരേന്ദ്രൻ പണം കടത്താൻ ഹെലികോപ്റ്റർ ഉപയോഗിച്ചു. സി.കെ ജാനുവിന് പണം നൽകിയതും അന്വേഷിക്കണം. ഒരോ ബി.ജെ.പി സ്ഥാനാർഥിക്കും 3 കോടി വരെ കേന്ദ്രം നൽകിയെന്നും നിഷ്പക്ഷമായി അന്വേഷിച്ചാൽ കേസ് മോദിയിൽ എത്തുമെന്നും മുരളീധരൻ പറഞ്ഞു.
രാജ്യം ഭരിക്കുന്ന പാർട്ടി കുഴൽപ്പണം സ്ഥാനാർഥികൾക്കായി ഉപയോഗപ്പെടുത്തിയെന്നത് ഗൌരവമുള്ള വിഷയമാണ്. അന്വേഷണം ബി.ജെ.പി സംസ്ഥാന അധ്യക്ഷനിൽ എത്തി നിൽക്കുന്നു. ഹെലികോപ്റ്ററും പണം കടത്താൻ ഉപയോഗിച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ചാൽ സ്ഥാനാർഥിയുടെ ചെലവിൽ വരും സുരേന്ദ്രൻ സമർപ്പിച്ച ചിലവിൽ ഹെലികോപ്റ്റർ വാടക രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും മുരളീധരന്‍ ചോദിച്ചു.
ഹെലികോപ്റ്റർ ഉപയോഗം തെരഞ്ഞെടുപ്പ് കമ്മീഷനും പരിശോധിക്കണം. കുഴൽപ്പണം സംബന്ധിച്ച കാര്യങ്ങൾ അന്വേഷണ വിധേയമാക്കണം. കേന്ദ്രം സംസ്ഥാനത്തിന് എതിരെയും അന്വേഷണം നടത്തുന്നുണ്ട്. അതിനാൽ ചിലപ്പോൾ അന്തർധാര രൂപപ്പെടാൻ സാധ്യതയുണ്ട്. എല്ലാം സമഗ്രമായി അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തണം. ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ റിട്ടയർ ചെയ്ത ജഡ്ജി വേണം. നിഷ്പക്ഷമായി അന്വേഷിച്ചാൽ മോദിയിൽ എത്തും. ആ ഗട്ട്സ് മുഖ്യമന്ത്രി കാണിക്കുമോ ?മുഖ്യമന്ത്രി അതിന് തയ്യാറായാൽ പിന്തുണയ്ക്കും. കടലാക്രമണം തടയാൻ ബജറ്റിൽ അനുവദിച്ച തുക പരിമിതമാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.