മതപണ്ഡിതരെ വേട്ടയാടുന്ന യുപി പൊലീസ് നടപടി ഭരണഘടനാ അവകാശങ്ങളുടെ നിഷേധം: മുസ്‍ലിം നേതാക്കൾ
നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള പൗരന്റെ അവകാശത്തിന്റെ നിരോധനമാണ് നടക്കുന്നതെന്നും നേതാക്കൾ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി
നിർബന്ധിത മതപരിവർത്തനമാരോപിച്ച് യുപി പൊലീസ് മതപ്രബോധകരായ മുഹമ്മദ് ഉമർ ഗൗതം, ജഹാംഗീർ ഖാസിമി എന്നിവരെ അറസ്റ്റ് ചെയ്ത നടപടി മതപ്രബോധനത്തിനുള്ള ഭരണഘടനാ അവകാശത്തിന്റെ നിഷേധമാണെന്ന് വിവിധ മുസ്‍ലിം നേതാക്കൾ. ജനാധിപത്യ സ്ഥാപനങ്ങളെ തന്നെ ഉപയോഗിച്ച് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങൾ അട്ടിമറിക്കുകയാണ് ഉത്തർപ്രദേശിലെ സംഘ്പരിവാർ ഭരണകൂടം. വിവിധ സംസ്ഥാനങ്ങളിൽ നിലവിൽവന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ യഥാർത്ഥത്തിൽ നടക്കുന്നത് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള പൗരന്റെ അവകാശത്തിന്റെ നിരോധനമാണെന്നും നേതാക്കൾ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
നിർബന്ധിത മതപരിവർത്തനം ഇസ്‍ലാം അംഗീകരിക്കാത്തതാണെന്നിരിക്കെ മുസ്‍ലിം പണ്ഡിതന്മാരെ അതിന്റെ പേരിൽ വേട്ടയാടുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതപ്രബോധനത്തിൽനിന്ന് ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ്. ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന അവകാശമാണ് ഏത് മതത്തിലും വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം. എന്നാൽ ഈ ഭരണഘടനാ അവകാശത്തെ ഓർഡിനൻസുകളിലൂടെയും മറ്റും മറികടന്ന് അട്ടിമറിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിന്റെ തെളിവാണ് ഉമർ ഗൗതം, ജഹാംഗീർ ഖാസിമി അറസ്റ്റുകളെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ഡോ. ബഹാഉദ്ധീൻ നദ്‌വി, എംഐ അബ്ദുൽ അസീസ്, ടിപി അബ്ദുല്ലക്കോയ മദനി, കടക്കൽ അബ്ദുൽ അസീസ് മൗലവി, ഹുസൈൻ മടവൂർ, ടികെ അഷ്റഫ്, ഡോ. വിപി സുഹൈബ് മൗലവി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, വിഎച്ച് അലിയാർ ഖാസിമി, അബ്ദുശുക്കൂർ ഖാസിമി, ശംസുദ്ദീൻ മന്നാനി, അർഷദ് മുഹമ്മദ് നദ്‍വി, ഡോ. ജാബിർ അമാനി, നഹാസ് മാള എന്നിവർ സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു.