തർക്കവും കയ്യാങ്കളിയും; മുസ്ലിം ലീഗ് എറണാകുളം ജില്ലാ സമ്മേളനം പിരിച്ചുവിട്ടു
വി.കെ ഇബ്രാഹീംകുഞ്ഞിന്റെയും ടി.എ അഹമ്മദ് കബീറിന്റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകൾ തമ്മിലാണ് തർക്കവും കയ്യാങ്കളിയുമുണ്ടായത്
എറണാകുളം: മുസ്ലിം ലീഗ് എറണാകുളം ജില്ലാ സമ്മേളനം കയ്യാങ്കളിയെ തുടർന്ന് പിരിച്ചുവിട്ടു. ഭാരവാഹികളെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിൽ കൗൺസിൽ അംഗങ്ങൾ തമ്മിൽ ചേരി തിരിഞ്ഞ് തർക്കമുണ്ടായി. ഇതോടെ ഭാരവാഹി തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. വി.കെ ഇബ്രാഹീംകുഞ്ഞിന്റെയും ടി.എ അഹമ്മദ് കബീറിന്റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകൾ തമ്മിലാണ് തർക്കവും കയ്യാങ്കളിയുമുണ്ടായത്.
ജില്ലാ ഭാരവാഹികളെ സമവായത്തിലൂടെ തെരഞ്ഞെടുക്കാമെന്ന ധാരണ വന്നപ്പോൾ വികെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂറിനെ ജില്ലാ പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ആക്കണമെന്ന ആവശ്യം ഉയർന്നു. എന്നാൽ സംസ്ഥാന കമ്മിറ്റിയുടെ നിരീക്ഷകരായി എത്തിയ അഹമ്മദ് കുട്ടി ഉണ്ണികുളവും സി.എച്ച് റഷീദും ഈ ആവശ്യം നിരസിച്ചു. ഇതോടെ വികെ ഇബ്രാഹിം കുഞ്ഞ് ഇറങ്ങിപ്പോയി ഇതോടെ ചേരി തിരിഞ്ഞ തർക്കവും കയ്യാങ്കളിയിലേക്കും നീങ്ങി.
ഇതിനിടിയിൽ കൗൺസിൽ അംഗങ്ങളല്ലാത്തവരും യോഗത്തിനെത്തിയെന്ന ഇബ്രാഹിം കുഞ്ഞ് വിരുദ്ധ വിഭാഗത്തിന്റെ കണ്ടെത്തൽ തർക്കം അടിയോടടുത്തു. തുടർന്ന് ഇവരെ പിടികൂടി പോലീസിൽ ഏൽപിച്ച ശേഷം യോഗം തുടർന്നു. എന്നാൽ തർക്കം തുടർന്നതോടെ യോഗം നടത്താനാകാത്ത സ്ഥിതിയായി. ഇതോടെ പരിപാടി സ്ഥലത്തേക്ക് കൂടുതൽ പോലീസെത്തി. ഇതോടെ സമ്മേളനം പിരിച്ചു വിടാനും ഭാരവാഹി തെരഞ്ഞെടുപ്പ് സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെ പീന്നീട് നടത്താൻ തീരുമാനിച്ച് പിരിയുകയായിരുന്നു. 130 അംഗ കൗൺസിലിൽ 85 പേരും അഹ്മദ് കബീർ വിഭാഗത്തിൽ നിന്നുള്ളവരാണ്. 35 പേർ മാത്രമാണ് ഇബ്രാഹിം കുഞ്ഞ് വിഭാഗത്തിൽ നിന്നുള്ളവരുള്ളത്. ഭൂരിപക്ഷമില്ലെന്ന് കണ്ടതോടെയാണ് സമ്മേളനം അലങ്കോലപ്പെടുത്തിയെതെന്നാണ് മറുപക്ഷത്തിന്റെ നിലപാട്. ലീഗ് അംഗത്വം പോലുമില്ലാത്തവരെത്തി സമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് കാട്ടി ജില്ലാനേതൃത്വം പൊലീസിൽ പരാതി നൽകി. വരും ദിവസങ്ങളിൽ ഇതേ ചൊല്ലി ജില്ലയിൽ തർക്കം രൂക്ഷമാകാനാണ് സാധ്യത.