മുസ്‍ലിം ലീഗിന് മൂന്നാം സീറ്റില്ല; പകരം രാജ്യസഭാ സീറ്റ് നൽകിയേക്കും
മലപ്പുറത്ത് ഇ.ടിയും പൊന്നാനിയിൽ സമദാനിയും സീറ്റുകൾ വെച്ചുമാറും
കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാവില്ല. പകരം രാജ്യസഭാ സീറ്റ് നൽകാനാണ് യുഡിഎഫിൽ ആലോചന. അതിനിടെ, മുസ്‌ലിം ലീഗിൽ സീറ്റുകൾ തമ്മിൽ വെച്ചുമാറും. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ എം.പി. അബ്ദുസമദ് സമദാനിയും മത്സരിക്കും. സ്ഥാനാർഥികളുടെ താല്പര്യം കൂടി പരിഗണിച്ചാണ് വെച്ചുമാറ്റമെന്നാണ് വിവരം. യുഡിഎഫിലെ സീറ്റ് ധാരണ പൂർത്തിയായാല്‍ ലീഗ് നേതാക്കള്‍ യോഗം ചേർന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
പതിവില്‍ നിന്ന് വ്യത്യസ്തമായി മൂന്നാം ലോക്സഭാ സീറ്റിനായി ശക്തമായ ആവശ്യമാണ് ലീഗ് യു.ഡി.എഫില്‍ ഉന്നയിച്ചത്. എന്നാല്‍ ഇത്തവണയും അധിക സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതാക്കളെ അറിയിച്ചു. സിറ്റിങ് എം.പിമാരെ മാറ്റുന്നതിലെ പരിമിതിയാണ് ഒരു കാരണമായി കോണ്‍ഗ്രസ് പറയുന്നത്. ലീഗിന് അധിക സീറ്റ് അനുവദിച്ചാല്‍ സി.പി.എമ്മും ബി.ജെ.പിയും നടത്തിയേക്കാവുന്ന എതിർ പ്രചാരണങ്ങളെ മുന്‍കൂട്ടി കാണേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ ലീഗിന്റെ ആവശ്യം പരിഗണിച്ച് ഇനി ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നല്കാനും യുഡിഎഫില്‍ ധാരണയായിട്ടുണ്ട്. ഇന്നലെ കോണ്‍ഗ്രസ് - ലീഗ് നേതാക്കള്‍ തമ്മില്‍ നടത്തിയ അനൗദ്യോഗിക ചർച്ചകളിലാണ് ധാരണ രൂപപ്പെട്ടത്.
അതേസമയം, മൂന്നാം സീറ്റ് ചർച്ചകൾ വഴിമുട്ടിയിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായും സാദിഖലി തങ്ങളുമായും ഫോണ്‍ വഴി ചർച്ച നടത്തിയിട്ടുണ്ട്. യു.ഡി.എഫ് യോഗ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും. പ്രധാന പാർട്ടികളൊന്നും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല. മൂന്നാം സീറ്റിൻ്റെ കാര്യം ഇടക്കിടെ പറയേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.