മലപ്പുറത്ത് കോണ്‍ഗ്രസ് ഗ്രൂപ്പുപോര് തെരുവിലേക്ക്; മുസ്‍ലിം ലീഗിന് കടുത്ത അതൃപ്തി
ലീഗ് നേതാക്കൾ കോൺഗ്രസ് ഉന്നത നേതൃത്വുമായി ചർച്ച നടത്തി
മലപ്പുറം: കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിൽ മുസ്‍ലിം ലീഗിന് അതൃപ്തി. തർക്കം തെരുവിലേക്ക് വ്യാപിച്ചത് യു.ഡി.എഫിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്നതായാണ് ലീഗ് വിലയിരുത്തൽ. ഇക്കാര്യത്തില്‍ കോൺഗ്രസ് നേതാക്കളുമായി ലീഗ് നേതൃത്വം ചര്‍ച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട കൺവെൻഷൻ മുസ്‍ലിം ലീഗ് പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ, കോൺഗ്രസിൽ വലിയ പ്രശ്നം തുടരുകയാണ്. പുനഃസംഘടനയിൽ എ ഗ്രൂപ്പിനെ അവഗണിച്ചതിലാണ് പ്രതിഷേധം. മലപ്പുറം ഉൾപ്പെടെയുള്ള പല ജില്ലകളിലും പ്രതിഷേധം തെരുവിലേക്കുകൂടി വ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മുന്നണിയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ലീഗ്. പ്രതിഷേധം പരസ്യമായി പറയുന്നില്ലെങ്കിലും പ്രശ്നപരിഹാരത്തിനായി ലീഗിന്റെ മുതിർന്ന നേതാക്കളും ഇടപെടുന്നുണ്ട്.
എന്നാൽ, മലപ്പുറം കോൺഗ്രസിൽ ഗ്രൂപ്പുപോരിന് ഇതുവരെ പരിഹാരമായില്ല. ശക്തി തെളിയിക്കനായി ഇരു ഗ്രൂപ്പുകളും അടുത്തയാഴ്ച പൊതുസമ്മേളനം നടത്താനാണ് ആലോചിക്കുന്നത്.
Summary: Muslim League is unhappy with the group dispute in Malappuram DCC