പാണക്കാട് കുടുംബത്തിന്റെ ആധികാരികത വിടാൻ മുസ്‌ലിം കേരളം തയ്യാറല്ല എന്നതിന്റെ തെളിവാണ് ഫലസ്തീൻ ഐക്യദാർഢ്യ റാലി: പി.എം.എ സലാം
സ്വാഗതപ്രസംഗത്തിനിടെ പി.എം.എ സലാം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ പേര് പറഞ്ഞപ്പോൾ സദസിൽനിന്ന് വലിയ കയ്യടി ഉയർന്നു.
കോഴിക്കോട്: മുസ്‌ലിം ലീഗ് ഫലസ്തീൻ ഐക്യാദാർഢ്യ റാലിക്ക് കോഴിക്കോട് കടപ്പുറത്ത് തുടക്കം. ആയിരക്കണക്കിന് ആളുകളാണ് ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്. പാണക്കാട് കുടുംബത്തിന്റെ ആധികാരികത വിടാൻ മുസ്‌ലിം കേരളം തയ്യാറല്ല എന്നതിന്റെ തെളിവാണ് ഫലസ്തീൻ ഐക്യദാർഢ്യ റാലിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
സ്വാഗതപ്രസംഗത്തിനിടെ സലാം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ പേര് പറഞ്ഞപ്പോൾ സദസിൽനിന്ന് വലിയ കയ്യടി ഉയർന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആരാണെന്ന് ആർക്കുമറിയില്ലെന്ന് പി.എം.എ സലാം ഒരു അഭിമുഖത്തിൽ പറഞ്ഞത് വിവാദമായിരുന്നു.
ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഢ്യം മാത്രമാണ് മുസ്‌ലിം ലീഗ് റാലികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തിലാണ് സമുദായം എല്ലാ പ്രതിസന്ധിയും മറികടന്നത്. ആ കെട്ടുറപ്പും തകരാതെ നോക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.