കോഴിക്കോട്ട് ഫലസ്തീൻ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ മഹാറാലി; ചരിത്രസംഗമത്തിന് മുസ്‍ലിം ലീഗ്
ഒക്ടോബർ 25ന് ശാഖ/ വാർഡ് തലങ്ങളിൽ വിളംബരജാഥ സംഘടിപ്പിക്കും
കോഴിക്കോട്: ലോകമെമ്പാടും നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലികളുടെ ഭാഗമായി ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി 26ന് വ്യാഴാഴ്ച സംഘടിപ്പിക്കുന്ന മനുഷ്യാവകാശ മഹാറാലി ചരിത്ര സംഭവമാക്കാൻ കോഴിക്കോട് ഒരുങ്ങുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന ഫലസ്തീന് ഐക്യദാർഢ്യവുമായി ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് ഒരുങ്ങുന്നത്. സ്വതന്ത്ര ഫലസ്തീൻ യാഥാർത്ഥ്യമാക്കണമെന്ന പരമ്പരാഗത ഇന്ത്യൻ നയം ഉയർത്തിപ്പിടിക്കുന്നതിനും ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മുസ്‌ലിം ലീഗ് മഹാറാലി സംഘടിപ്പിക്കുന്നത്.
റാലി വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മലബാർ ജില്ലകളിൽനിന്നുള്ള മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, ജില്ലാ പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ, പോഷക ഘടകം പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്നു. ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ അടിയന്തര യോഗം ചേർന്ന് റാലിയുടെ വിജയത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തും. ഒരു ശാഖയിൽനിന്ന് ചുരുങ്ങിയത് ഒരു ബസ്സിലെങ്കിലും പ്രവർത്തകർ കോഴിക്കോട്ടെത്തണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശം. 26ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി കോഴിക്കോട് എത്തുന്ന രൂപത്തിലാണ് ബസ്സുകൾ പുറപ്പെടേണ്ടത്. പരമാവധി തടസ്സങ്ങൾ ഒഴിവാകാൻ നേരത്തെ പുറപ്പെടേണ്ടതാണ്. പാർട്ടി പതാകയും പോസ്റ്ററുകളും ബസ്സിൽ സ്ഥാപിക്കേണ്ടതാണ്. ഒക്ടോബർ 25ന് ശാഖ/ വാർഡ് തലങ്ങളിൽ വിളംബര ജാഥ നടത്തേണ്ടതാണെന്നും യോഗം തീരുമാനിച്ചു. വാഹനത്തിൽനിന്ന് നിർദേശിക്കപ്പെട്ട സ്ഥലത്ത് ഇറങ്ങി ചെറു പ്രകടനങ്ങളായാണ് പ്രവർത്തകർ കടപ്പുറത്തേക്ക് എത്തിച്ചേരേണ്ടത്. റാലിയിൽ അണിനിരക്കുന്നവർ സംസ്ഥാന കമ്മിറ്റി നൽകുന്ന അംഗീകൃത മുദ്രാവാക്യങ്ങൾ മാത്രമേ വിളിക്കാൻ പാടുള്ളൂ എന്ന് യോഗം കർശനമായ നിർദേശം നൽകി.
അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഡോ. എം.കെ മുനീർ അധ്യക്ഷത വഹിച്ചു. കെ.പി.എ മജീദ് ചർച്ച ഉദ്ഘാടനം ചെയ്തു. എം.സി മായിൻ ഹാജി, സി.എ.എം.എ കരീം, ഉമർ പാണ്ടികശാല, കെ. കുട്ടി അഹമ്മദ് കുട്ടി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ. എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, സി. മമ്മൂട്ടി, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി സൈതലവി, പാറക്കൽ അബ്ദുല്ല, പൊട്ടങ്കണ്ടി അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, യു.സി രാമൻ, അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. പി. കുൽസു, പി.കെ അബ്ദുറബ്ബ്, എൻ.എ നെല്ലിക്കുന്ന്, എ. അബ്ദുറഹ്‌മാൻ, കെ.ടി സഅദുല്ല, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്, എം.എ ഖാദർ, വി.കെ.പി ഹമീദലി, സി.കെ സുബൈർ, കളത്തിൽ അബ്ദുല്ല, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മാഈൽ, കളത്തിൽ അബ്ദുല്ല, മരക്കാർ മാരായമംഗലം, അഡ്വ. ടി.എ സിദ്ദീഖ്, വി.എം ഉമ്മർ മാസ്റ്റർ, സി.എ മുഹമ്മദ് റഷീദ്, പി.എം അമീർ, സി.കെ സുബൈർ, പി.കെ ഫിറോസ്, അഡ്വ. നൂർബിന റഷീദ്, പി.എം.എ സമീർ, പി.കെ നവാസ്, ഹനീഫ മൂന്നിയൂർ ചർച്ചയിൽ പങ്കെടുത്തു.
Summary: Muslim League organizes Palestine Solidarity Human Rights Maharally in Kozhikode on 26th October