ക്ലിമ്മീസ് ബാവ വിളിച്ച സാമുദായിക നേതാക്കളുടെ യോഗത്തില്‍ മുസ്‌ലിം സംഘടനകള്‍ പങ്കെടുക്കില്ല

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത എ.പി വിഭാഗം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകളാണ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരിക്കുന്നത്. ബിഷപ്പ് മാപ്പുപറയുകയാണ് വേണ്ടതെന്ന നിലപാടിലാണ് സംഘടനകള്‍

Update: 2021-09-20 14:26 GMT
Editor : Shaheer | By : Web Desk
Advertising

മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് ബാവ വിളിച്ച മത സാമുദായിക സംഘടനകളുടെ യോഗത്തില്‍ മുസ്‍ലിം സംഘടനകള്‍ പങ്കെടുക്കില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത എ.പി വിഭാഗം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകളാണ് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരിക്കുന്നത്.

വിദ്വേഷ പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് മാപ്പ് പറയണമെന്ന നിലപാടിലാണ് മുസ്‍ലിം സംഘടനകള്‍. അല്ലെങ്കില്‍ വിദ്വേഷ പരാമര്‍ശം ബിഷപ്പ് പിന്‍വലിക്കണം. അല്ലാതെ മധ്യസ്ഥ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് സംഘടനകള്‍.

വൈകീട്ട് മൂന്നരയ്ക്കാണ് തിരുവനന്തപുരത്ത് ക്ലിമ്മിസ് ബാവയുടെ നേതൃത്വത്തില്‍ യോഗം നടക്കുന്നത്. പ്രമുഖ മുസ്‍ലിം സംഘടനകള്‍ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെഎന്‍എം നേതാവ് ഹുസൈന്‍ മടവൂര്‍, അധ്യാപകന്‍ അഷ്‌റഫ് കടയ്ക്കല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗുരുരത്‌നം ജ്ഞാനതപസ്വി അടക്കമുള്ളവരും യോഗത്തിനെത്തിയിട്ടുണ്ട്. വിവിധ സഭാ അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും.

രണ്ടു വിഭാഗവും കുറ്റം ചെയ്യുമ്പോഴാണ് മധ്യസ്ഥ ചര്‍ച്ചയും അനുനയശ്രമങ്ങളുമുണ്ടാകേണ്ടത്. മുസ്‍ലിം സമുദായത്തിന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരു നടപടിയുണ്ടായിട്ടില്ലാത്തതിനാല്‍ ബിഷപ്പ് മാപ്പുപറയുകയോ പ്രസ്താവന പിന്‍വലിക്കുകയെ ചെയ്യുകയാണു വേണ്ടതെന്ന് കഴിഞ്ഞ ദിവസം സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ബിഷപ്പിനെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു. മുറിവേറ്റ വിഭാഗങ്ങളെ മാത്രം ചികിത്സിക്കുന്ന രീതി ശരിയല്ലെന്ന് ഇന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News