കോൺഗ്രസിനെ ഒറ്റപ്പെടുത്താൻ സമ്മതിക്കില്ല; ലീഗ് ഒപ്പമുണ്ടാവും: പി.കെ കുഞ്ഞാലിക്കുട്ടി

കോൺഗ്രസിനെ നശിപ്പിക്കാൻ വേണ്ടി നടത്തുന്ന ഈ പ്രവർത്തനങ്ങളെ എല്ലാ രാഷ്ട്രീയപ്പാർട്ടികളും എതിർക്കണം. മുസ്ലിം ലീഗ് ഈ സന്ദർഭത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി

Update: 2022-08-05 13:49 GMT
Advertising

കോഴിക്കോട്: ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഒറ്റപ്പെടുത്താൻ മുസ്ലിം ലീഗ് അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കോൺഗ്രസിന്റെ ഈ വിഷമ സന്ധിയിൽ പാർട്ടി ഒപ്പമുണ്ടാകുമെന്നും, ദേശീയ തലത്തിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് പാർട്ടി നേതൃത്വം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ജനാധിപത്യപരമായ സമീപനങ്ങൾ എടുക്കുക എന്നതാണ് ഒരു സർക്കാർ ചെയ്യേണ്ടത്, എന്നാൽ അതിന് വിപരീതമായി അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. അതിൽ അവർക്ക് യാതൊരു സങ്കോചവുമില്ല.

ഭരണകക്ഷി ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളുണ്ട് ഇന്ത്യയിൽ, അവർക്കെതിരെയൊന്നും ഒരു അന്വേഷണവുമില്ല. അവിടെ എല്ലാം നല്ലരീതിയിലാണ് നടക്കുന്നതെന്ന് പറഞ്ഞാൽ ഇന്ത്യൻ ജനത വിശ്വസിക്കില്ല. കോൺഗ്രസിനെ നശിപ്പിക്കാൻ വേണ്ടി നടത്തുന്ന ഈ പ്രവർത്തനങ്ങളെ എല്ലാ രാഷ്ട്രീയപ്പാർട്ടികളും എതിർക്കണം. മുസ്ലിം ലീഗ് ഈ സന്ദർഭത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ സോണിയാ ഗാന്ധിക്ക് ഐക്യദാർഢ്യമറിയിച്ച് കത്തെഴുതി. വിലക്കയറ്റംകൊണ്ടും പണപ്പെരുപ്പംകൊണ്ടും തൊഴിലില്ലായ്മകൊണ്ടും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങൾ കഷ്ടപ്പെടുകയാണ്. ഇത്തരമൊരുഘട്ടത്തിൽ കേന്ദ്രം ഭരിക്കുന്ന സർക്കാർ എടുക്കേണ്ട നിലപാട് ജനങ്ങൾക്ക ആശ്വാസമേകുന്നതാവണം. എന്നാൽ അത്തരമൊരു സമീപനം എടുക്കുന്നില്ലെന്ന് മാത്രമല്ല, പ്രതിഷേധിക്കുന്നവരെ ഒതുക്കാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നതെന്നും തങ്ങൾ പറഞ്ഞു.

Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News