'മന്ത്രിമാരെ പിടിച്ച് ഇറക്കെടാ എന്ന് ആക്രോശിച്ചു, വിശ്വാസികളെ പ്രകോപിപ്പിച്ചു'; ഫാദർ യൂജിൻ പെരേരക്കെതിരെ എഫ്.ഐ.ആറിൽ രൂക്ഷ പരാമർശം
റോഡ് ഉപരോധിച്ച സംഭവത്തിൽ കണ്ടാലറിയുന്ന 20 പേർക്കെതിരെയും കേസെടുത്തു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ വികാരി ജനറൽ ഫാദർ യൂജിൻ പെരേരയ്ക്കെതിരെ കേസെടുത്തു.യൂജിൻ പെരേര 'മന്ത്രിമാരെ പിടിച്ചിറക്കെടാ' എന്ന് ആക്രോശിച്ചെന്നും ക്രിസ്തീയ വിശ്വാസികളെ പ്രകോപിപ്പിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. കലാപാഹ്വാനത്തിന് അഞ്ചുതെങ്ങ് പൊലീസാണ് സ്വമേധയാ കേസെടുത്തത്.
മത്സ്യത്തൊഴിലാളികളെ കാണാതായതുമായി ബന്ധപ്പെട്ട് റോഡ് ഉപരോധിച്ച സംഭവത്തിൽ കണ്ടാലറിയുന്ന 20 പേർക്കെതിരെയും കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസ്.
അതേസമയം, മുതലപ്പൊഴിയിൽ ബോട്ടപകടത്തിൽപ്പെട്ട മൂന്ന് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. നാലുപേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ പുതുക്കുറിച്ചി സ്വദേശിയായ കുഞ്ഞുമോന്റെ മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾക്കൊപ്പം കോസ്റ്റ് ഗാർഡ്, നേവി എന്നിവരും തിരച്ചിൽ നടത്തുന്നുണ്ട്.