'കരുവന്നൂരിൽ ചില തെറ്റായ പ്രവണതകളുണ്ടായിട്ടുണ്ട്, പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല'; എം.വി.ഗോവിന്ദൻ
സഹകരണമേഖലയുടെ മുഖത്തേറ്റ കറുത്തപാടെന്ന സ്പീക്കറുടെ നിലപാടും എം.വി ഗോവിന്ദൻ തള്ളി
തിരുവനന്തപുരം: കരുവന്നൂരിൽ ചില തെറ്റായ പ്രവണതകളുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇക്കാര്യത്തിൽ പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായിട്ടില്ല. ശരിയല്ലാത്ത നിലപാടിനെ ശരിയല്ലെന്ന് തന്നെ പറയും. സഹകരണ മേഖലയുടെ മുഖത്ത് ഒരു കറുത്ത പാടും ഉണ്ടായിട്ടില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടിയിലെ വൻമരങ്ങൾ നിലം പൊത്തുമെന്ന് സി.പി.എമ്മിന് ഭീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തദ്ദേശമന്ത്രിയുടെ പ്രസ്താവന സർക്കാർ കൊള്ളക്കാർക്ക് ഒപ്പമെന്ന് തെളിയിക്കുന്നു. നിക്ഷേപകരുടെ മുഖത്തടിക്കുകയാണ് മന്ത്രിയെന്നും സതീശൻ പ്രസ്താവനയിൽ പറഞ്ഞു. സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാടാണ് കരുവന്നൂരെന്ന സ്പീക്കർ എ.എൻ ഷംസീറിന്റെ അഭിപ്രായമാണോ സി.പി.എമ്മിനും സർക്കാരിനും ഉള്ളതെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.