സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തിൽ ആര് അണിനിരന്നാലും പിന്തുണക്കും; ലീഗിനോടുള്ള നിലപാട് ആവര്‍ത്തിച്ച് എം.വി ഗോവിന്ദന്‍
കേരളത്തെ ദുർബലപ്പെടുത്താനുള്ള സംഘപരിവാറിന്‍റെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ജനാധിപത്യവാദികൾ എൽ.ഡി.എഫിന് അനുകൂലമായി ചിന്തിക്കുന്ന സ്ഥിതിയുണ്ടായി
തിരുവനന്തപുരം: മുസ്‍ലിം ലീഗിനോടുള്ള സി.പി.എം നിലപാട് ആവർത്തിച്ച് സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ. സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തിൽ ആര് അണിനിരന്നാലും പിന്തുണക്കുമെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ഗോവിന്ദൻ വ്യക്തമാക്കി. ഗവർണർക്കെതിരായ പ്രശ്നത്തിൽ ലീഗ് സർക്കാരിനൊപ്പം നിന്നു. ആർ.എസ്.പിയും സമാനനിലപാടാണ് സ്വീകരിച്ചത്. ഇത്തരം നിലപാടുകളെ തുറന്ന മനസോടെ സി.പി.എം സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ ലേഖനത്തിൽ പറയുന്നുണ്ട്.
കേരളത്തെ ദുർബലപ്പെടുത്താനുള്ള സംഘപരിവാറിന്‍റെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ജനാധിപത്യവാദികൾ എൽ.ഡി.എഫിന് അനുകൂലമായി ചിന്തിക്കുന്ന സ്ഥിതിയുണ്ടായി. സംഘപരിവാറിന്‍റെ ന്യൂനപക്ഷവിരുദ്ധ അജണ്ടകൾക്കെതിരെ എൽ.ഡി.എഫ് സ്വീകരിക്കുന്ന സമീപനം ന്യൂനപക്ഷ ജനവിഭാഗങ്ങളിലും അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരത്തിൽ സംസ്ഥാനത്തിന്‍റെ വികസനത്തിനും മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനും സ്വീകരിച്ച നിലപാട് വലിയ ജനപിന്തുണ ആർജിച്ചു.
എൽ.ഡി.എഫിന്‍റെ നിലപാട് പൊതുജനങ്ങളിൽ മാത്രമല്ല, യുഡിഎഫിലും പുതിയ പ്രശ്നങ്ങൾ രൂപപ്പെടുത്തി. വികസനത്തെ തടയുന്ന നയത്തിനെതിരെയും ഗവർണറുടെ സമീപനത്തിനെതിരെയും മുസ്‍ലിം ലീഗ് പരസ്യമായി രംഗത്തുവന്നു. ആർ.എസ്.പിയും ഗവർണറുടെ പ്രശ്നത്തിൽ സർക്കാർ നിലപാടിനൊപ്പം നിന്നു. ഇത് യു.ഡി.എഫിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അതിന്റെ ഫലമായി നിയമസഭയിൽ ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്ന ബില്ലിനെ യു.ഡി.എഫിനും പിന്തുണയ്‌ക്കേണ്ട സ്ഥിതിവിശേഷമുണ്ടായി.
കേരളത്തിന്‍റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്‍റെ രാഷ്ട്രീയ അജണ്ടകൾക്കെതിരായുമുള്ള പോരാട്ടത്തിൽ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ പിന്തുണയ്‌ക്കാനും പ്രോത്സാഹിപ്പിക്കാനും സി.പി. എം എന്നും മുന്നിലുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വർത്തമാനകാലത്തുണ്ടായ വിഴിഞ്ഞം പ്രശ്നത്തിലും ഗവർണറുടെ പ്രശ്നത്തിലും മുസ്‍ലിംലീഗ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അത്തരം നിലപാട് ആര് സ്വീകരിച്ചാലും അതിനെ തുറന്ന മനസോടെ സ്വീകരിക്കാൻ സി.പി.എം പ്രതിജ്ഞാബദ്ധമാണ്. അത് മുന്നണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്‍റെ പ്രശ്നവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല. എൽ.ഡി.എഫും സർക്കാരും സ്വീകരിക്കുന്ന നയങ്ങൾ രാഷ്ട്രീയത്തിനതീതമായി പിന്തുണ നേടുന്നുവെന്നതിന്‍റെ സൂചന കൂടിയാണിത്. സംഘപരിവാർ അജൻഡകളെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നയങ്ങളേക്കാൾ ഇടതുപക്ഷത്തിന്റെ നയങ്ങൾ സ്വീകാര്യമാണെന്ന് യുഡിഎഫിലെ ഘടകകക്ഷികൾപോലും ചിന്തിക്കുന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണെന്നും ലേഖനത്തില്‍ പറയുന്നു.