'പരോൾ തടവുകാരന്റെ അവകാശം'; കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ എം.വി ഗോവിന്ദൻ
കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തിൽ നേതാക്കൾ പങ്കെടുത്തത് സാമാന്യ മര്യാദയുടെ ഭാഗമാണ് എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
Update: 2025-01-01 06:51 GMT
കണ്ണൂർ: കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പരോൾ അനുവദിച്ചത് പാർട്ടിയുമായി ബന്ധപ്പെടുത്തേണ്ട എന്ന നിലപാടിലാണ് സിപിഎം. പരോൾ നൽകിയത് മഹാപരാധമല്ലെന്ന് പി.ജയരാജൻ പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോൾ അപരാധമാണെന്നോ അല്ലെന്നോ പറയാനില്ല എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
പരോൾ നിയമപരമായ നടപടിയാണ്. സർക്കാരും ജയിൽവകുപ്പുമാണ് അതിൽ നിലപാട് സ്വീകരിക്കുന്നത്. കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തിൽ നേതാക്കൾ പങ്കെടുത്തത് സാമാന്യ മര്യാദയുടെ ഭാഗമാണ്. പാർട്ടി തള്ളിപ്പറഞ്ഞ ആളുകളുടെ വീട്ടുക്കൂടലിനും പോകുന്നുണ്ടാകും. സൗകര്യത്തിനനുസരിച്ച് പങ്കെടുക്കുന്നതിനും പങ്കെടുക്കാതിരിക്കുന്നതിനും ആരെയെങ്കിലും കുറ്റപ്പെടുത്താനാവില്ല. എല്ലാം നെഗറ്റീവ് ആയി കാണരുതെന്നും ഗോവിന്ദൻ പറഞ്ഞു.