മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം: നാലുപേർ പിടിയിൽ, പ്രതികൾ കൊടുംകുറ്റവാളികൾ

മുരുകൻ ജർമ്മൻ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി

Update: 2024-01-06 15:09 GMT
Advertising

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ കടക്കുള്ളിൽ കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേർ പിടിയിലായതായി പൊലീസ് അറിയിച്ചു. ഒരാളെ കൂടി പിടികൂടാനുണ്ട്. വ്യാപാരിയുടെ സ്വർണമാല പണയം വെക്കാൻ സഹായിച്ച ആളാണ് ഒടുവിൽ പിടിയിലായത്.

നേരത്തെ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ തെങ്കാശിയിൽനിന്ന് പിടികൂടിയിരുന്നു. പിടിയിലായ മുരുകൻ കുറ്റാലത്ത് ജർമ്മൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലടക്കം 20ഓളം കേസുകളിൽ പ്രതിയാണ്. മധുര സ്വദേശിയായ സുബ്രഹ്മണ്യൻ അഞ്ച് കേസുകളിലും പ്രതിയാണ്.

കൂടാതെ പത്തനംതിട്ട കുലശേഖരപതി സ്വദേശി ഹാരിബ് എന്ന ഓട്ടോ ഡ്രൈവറും പിടിയിലായിട്ടുണ്ട്. മധുര സ്വദേശി മുത്തുകുമാരനാണ് ഇനി പിടിയിലാകാനുള്ളത്. വ്യാപാരിയുടെ മാല വിറ്റയിനത്തിൽ കിട്ടിയ 2.3 ലക്ഷം രൂപയും കണ്ടെടുത്തു.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് വ്യാപാരിയായ ജോർജ് ഉണ്ണുണ്ണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.

കൈലി മുണ്ടുകളും ഷർട്ടും ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊന്നത്. കൈലി മുണ്ടുകൾ വാങ്ങിയ കടകളും സി.സി.ടി.വികളും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News