"കെ റെയില്‍ സംവാദത്തില്‍ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ നിഗൂഢ ശക്തികള്‍": എം.കെ മുനീര്‍

"ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനു പുറമെ അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും സംവാദത്തിൽ നിന്നും പിന്മാറിയതും സംവാദം സുതാര്യമല്ല എന്നതിന് അടിവരയിടുന്നതാണ്"

Update: 2022-04-27 15:40 GMT
Editor : ijas
Advertising

തിരുവനന്തപുരം: കെ റെയില്‍ സംവാദത്തില്‍ നിന്നും പാനൽ അംഗം ജോസഫ് സി. മാത്യുവിനെ മാറ്റിനിര്‍ത്തിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് എം.കെ മുനീര്‍ എം.എല്‍.എ. ജോസഫ് സി. മാത്യുവിനെ സംവാദത്തിൽ നിന്ന് മാറ്റി നിർത്തി എന്നറിഞ്ഞപ്പോൾ വളരെ നിരാശയാണ് തോന്നിയതെന്നും വസ്തുനിഷ്ഠമായി സംസാരിക്കുന്നവരെയും യുക്തി സഹിതം എതിർക്കുന്നവരെയും ഭരണപരമായും കായികമായും നേരിടുക എന്നതാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും എം.കെ മുനീര്‍ കുറ്റപ്പെടുത്തി. നിഗൂഢമായ ചില ശക്തികൾ കെ-റെയിലിന് പിറകിലുണ്ടോ എന്നത് സംശയതിനിടയാക്കുന്നുണ്ട്. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനു പുറമെ അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും സംവാദത്തിൽ നിന്നും പിന്മാറിയതും സംവാദം സുതാര്യമല്ല എന്നതിന് അടിവരയിടുന്നതാണ്. കെ-റെയിൽ കല്ലിടുന്ന അനധികൃത പ്രവർത്തനങ്ങൾക്കെതിരെ സമരം ചെയ്യുന്ന സാധാരണക്കാരെ പൊലീസും സി.പി.എമ്മും ഒരു വശത്ത് കായികമായി നേരിടുമ്പോൾ കേരളം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെയും സാമ്പത്തികാഘത്തെയും കുറിച്ച് പഠിച്ചു കൊണ്ട് വാദങ്ങൾ നിരത്തുന്ന ജോസഫ്. സി. മാത്യുവിനെ പോലെയുള്ളവരെ ഭരണപരമായുമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് എം.കെ മുനീര്‍ പറഞ്ഞു. ഇത്തരം കുത്സിത പ്രവർത്തനങ്ങളിലൂടെ കെ റെയിലിനെ വിശുദ്ധ പശു ആക്കിക്കളയാമെന്ന വ്യാമോഹം സിപിഎം ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും എം.കെ മുനീര്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ താജ് വിവാന്തയിലാണ് കെ റെയില്‍ സംവാദം നിശ്ചയിച്ചിരിക്കുന്നത്. 50 പേർ പങ്കെടുക്കുന്ന സംവാദത്തിൽ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാൻ മൂന്ന് വീതം വിഷയ വിദഗ്ധരും ഉണ്ടാകും. ഓരോരുത്തർക്കും 10 മിനിറ്റ് വീതമാകും സംസാരിക്കാൻ സമയം ലഭിക്കുക. ദേശീയ റെയില്‍വേ അക്കാദമയിലെ വകുപ്പുമേധാവി മോഹന്‍ എ. മേനോനാണ് മോഡറേറ്റര്‍. റെയിൽവേ ബോർഡ് ടെക്‌നിക്കൽ അംഗവും മധ്യ റെയിൽവേ ജനറൽ മാനേജരുമായിരുന്ന സുബോധ് കാന്ത് ജെയിൻ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. കുഞ്ചറിയ പി. ഐസക്ക്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്‍റ് എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവരാണ് പദ്ധതിയെ അനുകൂലിച്ച് സംസാരിക്കുക.

അലോക് വർമ, ഡോ. ആർ.വി.ജി മേനോൻ, പരിസ്ഥിതി ഗവേഷകനായ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് എതിർത്ത് സംസാരിക്കേണ്ടിയിരുന്നത്. ജോസഫ് സി മാത്യുവിന് പകരമാണ് ശ്രീധർ രാധാകൃഷ്ണനെ ഉൾപ്പെടുത്തിയിരുന്നത്. ഡോ. ആർ.വി.ജി മേനോൻ മാത്രമാണ് നിലവില്‍ കെ റെയില്‍ പദ്ധതിയെ എതിര്‍ത്ത് സംവാദത്തില്‍ പങ്കെടുക്കുന്നത്.

എം.കെ മുനീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ശ്രീ ജോസഫ് സി. മാത്യുവിനെ കെ റെയിലിനെ കുറിച്ചുള്ള സംവാദത്തിൽ നിന്ന് മാറ്റി നിർത്തി എന്നറിഞ്ഞപ്പോൾ വളരെ നിരാശയാണ് തോന്നിയത്. കെ റെയിലിനെതിരെ വസ്തുനിഷ്ഠമായി സംസാരിക്കുന്നവരെയും യുക്തി സഹിതം എതിർക്കുന്നവരെയും ഭരണപരമായും കായികമായും നേരിടുക എന്നതാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. നിഗൂഢമായ ചില ശക്തികൾ കെ-റെയിലിന് പിറകിലുണ്ടോ എന്നത് സംശയതിനിടയാക്കുന്നുണ്ട്. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനു പുറമെ അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും സംവാദത്തിൽ നിന്നും പിന്മാറിയതും സംവാദം സുതാര്യമല്ല എന്നതിന് അടിവരയിടുന്നതാണ്. കെ-റെയിൽ കല്ലിടുന്ന അനധികൃത പ്രവർത്തനങ്ങൾക്കെതിരെ സമരം ചെയ്യുന്ന സാധാരണക്കാരെ പൊലീസും സിപിഎമ്മും ഒരു വശത്ത് കായികമായി നേരിടുമ്പോൾ കേരളം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെയും സാമ്പത്തികാഘത്തെയും കുറിച്ച് പഠിച്ചു കൊണ്ട് വാദങ്ങൾ നിരത്തുന്ന ജോസഫ്. സി. മാത്യുവിനെ പോലെയുള്ളവരെ ഭരണപരമായുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കേവലം ഇത്തരം കുത്സിത പ്രവർത്തനങ്ങളിലൂടെ കെ റെയിലിനെ വിശുദ്ധ പശു ആക്കിക്കളയാമെന്ന വ്യാമോഹം സിപിഎം ഉപേക്ഷിക്കുന്നതാണ് നല്ലത്.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News