സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു, മീഡിയവണിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍: എന്‍ റാം

"മീഡിയവണിനും എന്‍റെ സുഹൃത്തും മുതിര്‍ന്ന അഭിഭാഷകനുമായ ദുഷ്യന്ത് ദവെയ്ക്കും അദ്ദേഹത്തിന്റെ നിയമ സംഘത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ"

Update: 2023-04-05 08:02 GMT
Advertising

ഡല്‍ഹി: മീഡിയവണ്‍ വിലക്ക് നീക്കിയ സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് ദ ഹിന്ദു പബ്ലിഷിങ് ഗ്രൂപ്പ് ഡയറക്ടര്‍ എന്‍ റാം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡെഴുതിയ സുപ്രധാന വിധിയാണിതെന്ന് എന്‍ റാം പ്രതികരിച്ചു.

"മീഡിയവണിനും എന്‍റെ സുഹൃത്തും മുതിര്‍ന്ന അഭിഭാഷകനുമായ ദുഷ്യന്ത് ദവെയ്ക്കും അദ്ദേഹത്തിന്റെ നിയമ സംഘത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ"- എന്‍ റാം ട്വീറ്റ് ചെയ്തു.


മീഡിയവണിനെ വിലക്കിയ കേന്ദ്ര സർക്കാർ ഉത്തരവാണ് സുപ്രിംകോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ദേശസുരക്ഷയുടെ പേരിൽ പൌരാവകാശങ്ങൾ നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിലക്കേർപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയ കാരണങ്ങൾ നീതിയുക്തമല്ല. ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് പറയുമ്പോള്‍ അത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.

2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടിയെ ശരിവെച്ച ഹൈക്കോടതി ഉത്തരവും റദ്ദാക്കിയ സുപ്രിംകോടതി, നാലാഴ്ചയ്ക്കകം മീഡിയവൺ ലൈസൻസ് പുതുക്കി നൽകണമെന്ന് വാർത്താ വിതരണ മന്ത്രാലയത്തോട് നിർദേശിച്ചു. സർക്കാർ നയങ്ങൾക്ക് എതിരായ വാർത്തകളുടെ പേരിൽ മീഡിയവൺ രാജ്യവിരുദ്ധമാണ് എന്ന് പറയാൻ പറ്റില്ല. ഇങ്ങനെ പറയുന്നത് മാധ്യമങ്ങൾ എപ്പോഴും സർക്കാറിനെ പിന്തുണക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാ അവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. കടുത്ത യാഥാർഥ്യങ്ങളെക്കുറിച്ചും പൗരൻമാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചാണ് മീഡിയവൺ നൽകിയ ഹരജിയിൽ വിധി പറഞ്ഞത്. മീഡിയവൺ ജീവനക്കാർക്ക് വേണ്ടി കെയുഡബ്ലൂജെയും എഡിറ്റർ പ്രമോദ് രാമനും കേസിൽ കക്ഷി ചേർന്നിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News