സി.പി.എമ്മിന് ആത്മാർഥതയുണ്ടെങ്കിൽ സെമിനാറിൽ കോൺഗ്രസിനെ ഉൾപ്പെടുത്തണമായിരുന്നു: നാസർ ഫൈസി കൂടത്തായി
വിവാഹം, അനന്തരസ്വത്ത് തുടങ്ങിയ വിഷയങ്ങളിൽ സി.പി.എം നിലപാടിനോട് സമസ്തക്ക് എതിർപ്പുണ്ടെന്നും നാസർ ഫൈസി പറഞ്ഞു.
കോഴിക്കോട്: സി.പി.എമ്മിന് ആത്മാർഥതയുണ്ടെങ്കിൽ ഏക സിവിൽകോഡിനെതിരായ സെമിനാറിൽ കോൺഗ്രസിനെ കൂടി ഉൾപ്പെടുത്തണമായിരുന്നുവെന്ന് നാസർ ഫൈസി കൂടത്തായി. കോൺഗ്രസ് ദേശീയതലത്തിൽ ഏക സിവിൽകോഡ് വിരുദ്ധ സമരത്തിന് നേതൃത്വം കൊടുക്കേണ്ട പാർട്ടിയാണ്. സി.പി.എം എങ്ങനെ ശബ്ദമുയർത്തിയാലും കേരളത്തിന് പുറത്തേക്ക് അത് പോവില്ല. മൂന്ന് എം.പിമാർ മാത്രമുള്ള സി.പി.എമ്മിന് പാർലമെന്റിലും ശബ്ദമുയർത്തുന്നതിന് പരിമിതിയുണ്ട്. കോൺഗ്രസിനെ വിശ്വാസത്തിലെടുത്ത് മാത്രമേ ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിക്കാനാവൂ എന്നും നാസർ ഫൈസി പറഞ്ഞു. മീഡിയവൺ സ്‌പെഷ്യൽ എഡിഷനിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസിനെ മാറ്റിനിർത്തുന്ന സമീപനം ദേശീയതലത്തിൽ സി.പി.എമ്മിന് സ്വീകരിക്കാനാവില്ല. സോണിയാ ഗാന്ധിയോ രാഹുൽ ഗാന്ധിയോ നാളെ ഏക സിവിൽകോഡ് വിരുദ്ധ പ്രതിഷേധം നടത്താനിറങ്ങിയാൽ ദേശീയ തലത്തിൽ സി.പി.എമ്മിനും അതിൽ സഹകരിക്കേണ്ടിവരും. എ.ഐ.സി.സിയുടെ വക്താവ് ജയറാം രമേശ് തന്നെ ഏക സിവിൽകോഡ് വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് തള്ളേണ്ട ആവശ്യമില്ലെന്നും നാസർ ഫൈസി പറഞ്ഞു.
ശരീഅത്ത് വിരുദ്ധരാണെന്ന ആരോപണം സി.പി.എമ്മിനെതിരെയുണ്ട്. ഇസ്‌ലാമിക ശരീഅത്തിനെതിരായ നിലപാടാണ് ഇക്കാലമത്രയും സി.പി.എം സ്വീകരിച്ചത്. വിവാഹം, അനന്തര സ്വത്ത് തുടങ്ങിയ വിഷയങ്ങളിൽ സി.പി.എം നിലപാടിനോട് സമസ്തക്ക് എതിർപ്പുണ്ട്. ഈ വിഷയത്തിൽ സി.പി.എം ഇതുവരെ നിലപാട് തിരുത്തിയിട്ടില്ല. ഏക സിവിൽകോഡ് വിഷയത്തിൽ പ്രശ്‌നാധിഷ്ഠിത പിന്തുണയാണ് സമസ്ത പ്രഖ്യാപിച്ചതെന്നും നാസർ ഫൈസി പറഞ്ഞു.