'ദേശസുരക്ഷ' എന്നും വിമതശബ്ദങ്ങളെ വേട്ടയാടാനുള്ള ഉപകരണമായിരുന്നു: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
നിരോധിക്കാൻ കാരണം എന്താണെന്നുപോലും വിശദീകരിക്കാതെ ദേശസുരക്ഷയുടെ മറവിലെ കേന്ദ്രസർക്കാർ നടപടി രാജ്യത്ത് സംഘ്പരിവാർ നടത്തുന്ന വിയോജിപ്പിന്റെ ശബ്ദങ്ങളെ വേട്ടയാടുന്നതിന്റെ തുടർച്ചയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്
മീഡിയവൺ സംപ്രേഷണ വിലക്കിന് കാരണമായി കേന്ദ്ര സർക്കാർ സമർപ്പിക്കുകയും കോടതി അംഗീകരിക്കുകയും ചെയ്ത 'ദേശസുരക്ഷ' എന്നും വിമതശബ്ദങ്ങളെ വേട്ടയാടാനുള്ള ഉപകരണമായി പ്രയോഗിക്കപ്പെട്ടിട്ടുള്ള ചരിത്രമാണുള്ളതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. മാധ്യമസ്വാതന്ത്ര്യത്തെ നിരോധിക്കുന്ന ഭരണകൂടവും കോടതിയും ജനാധിപത്യമൂല്യങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
ശക്തമായ ജനാധിപത്യത്തിന്റെ നാലാംതൂണെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് മാധ്യമങ്ങൾ. അവയെ തങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കാത്തതുകൊണ്ട് ഭീഷണിപ്പെടുത്തിയും നിരോധിച്ചും ഇല്ലാതാക്കി കേന്ദ്രസർക്കാർ നടത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് മീഡിയവൺ സംപ്രേഷണ വിലക്ക്. നിരോധിക്കപ്പെട്ടതിന് കാരണം എന്താണെന്നുപോലും വിശദീകരിക്കാതെ ദേശസുരക്ഷയുടെ മറവിലെ കേന്ദ്രസർക്കാർ നടപടി രാജ്യത്ത് സംഘ്പരിവാർ നടത്തുന്ന വിയോജിപ്പിന്റെ ശബ്ദങ്ങളെ വേട്ടയാടുന്നതിന്റെ തുടർച്ചയാണെന്നും യോഗം വിലയിരുത്തി.
ജനാധിപത്യത്തിൽ മൗലികാവകാശങ്ങളുടെ നിരാകരണവും നീതിനിഷേധങ്ങളും തുടർക്കഥയാകുമ്പോൾ ഭരണഘടനാ സംരക്ഷകരായി നിലനിൽക്കേണ്ട നീതിന്യായ സംവിധാനങ്ങളിൽനിന്ന് ഉണ്ടാകുന്ന നിരീക്ഷണങ്ങളും വിധികളും അങ്ങേയറ്റം നിരാശപ്പെടുത്തുന്നതും ജനാധിപത്യത്തിന്റെ നിലനിൽപിനെത്തന്നെ വെല്ലുവിളിക്കുന്നതുമാണ്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ വരുന്നില്ലെന്നും മറിച്ച് അത് ഭരണപരമായ കാര്യങ്ങളായി ഭരണകൂടത്തിന് തീരുമാനങ്ങൾ സ്വീകരിക്കാമെന്നുമുള്ള നിരീക്ഷണം ജനാധിപത്യത്തെ തന്നെ ദുർബലപ്പെടുത്തുന്നതാണ്. ദേശസുരക്ഷ എന്നത് മാധ്യമസ്ഥാപനങ്ങളെ നിരോധിക്കാനുള്ള കാരണമാകാമെന്ന വിധി സംഘ്പരിവാർ ഭരണകൂടത്തിനുകീഴിൽ നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ വിരുദ്ധ-വിമത ശബ്ദങ്ങളെയും ഇല്ലാതാക്കുന്നതിനുള്ള എല്ലാവിധ ഒത്താശയും ചെയ്തുനൽകുന്നതാണ്.
സംഘ്പരിവാർ നിർവചിക്കുന്ന ദേശസ്‌നേഹത്തെയും ദേശസുരക്ഷയെയും സംബന്ധിച്ച ആഖ്യാനങ്ങളോട് മറുചോദ്യങ്ങൾ ഉന്നയിച്ചും റദ്ദ് ചെയ്തും കൊണ്ടു മാത്രമേ ഇന്ത്യൻ ജനാധിപത്യത്തിന് വികസിക്കാൻ സാധിക്കുകയുള്ളുവെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. നീതിബോധമുള്ള മുഴുവൻ ജനങ്ങളും ഈ മാധ്യമവേട്ടക്കെതിരെ രംഗത്തുവരികയും ശക്തമായ പ്രതിരോധങ്ങളും പ്രതിഷേധങ്ങളുമുയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അധ്യക്ഷയായി. എസ്. മുജീബുറഹ്‌മാൻ, അർച്ചന പ്രജിത്ത്, കെ.കെ അഷ്‌റഫ്, കെ.എം ഷെഫ്‌റിൻ, ഫസ്‌ന മിയാൻ, മഹേഷ് തോന്നക്കൽ, സനൽ കുമാർ, ലത്തീഫ് പി എച്ച്, അമീൻ റിയാസ്, ഫാത്തിമ നൗറിൻ, ശഹിൻ ശിഹാബ് സംസാരിച്ചു.